ജയ്പൂർ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പുതിയ എൻ.ഡി.എ സർക്കാറിനെ ഏകപക്ഷീയമായ രീതിയിൽ പ്രവർത്തിക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. ടോങ്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശ് പോലുള്ള ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പിയെ ഞെട്ടിക്കാൻ കോൺഗ്രസും ഇൻഡ്യ സഖ്യത്തിലെ മറ്റംഗങ്ങളും ശക്തമായ പോരാട്ടം നടത്തി. അതിനാൽ തന്നെ മോദിയുടെ മൂന്നാം ടേമിൽ, അദ്ദേഹവും അദ്ദേഹത്തിന്‍റെ പാർട്ടിയും അവകാശപ്പെട്ടിരുന്ന ജനവിധിയല്ല ലഭിച്ചതെന്നും സചിൻ പൈലറ്റ് പറഞ്ഞു.
“ഇത് തകർന്ന ജനവിധിയാണ്. ഒരു പാർട്ടിക്കും ഒറ്റക്ക് സർക്കാർ രൂപീകരിക്കാനാകുന്ന ജനവിധി അല്ല. സഖ്യ സർക്കാരാണ്. അതിനാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായിരുന്ന മനോഭാവത്തോടെ ഇനി പ്രവർത്തിക്കാൻ കഴിയില്ല” -സചിൻ പൈലറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭാവിയിൽ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് തനിക്ക് പ്രതികരിക്കാനാകില്ലെന്നും എന്നാൽ എൻ.ഡി.എ സർക്കാറിന്‍റെ നിലപാടിൽ മാറ്റമുണ്ടാകുമെന്നാണ് പ്രാഥമിക സൂചനകളെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ വൻതോതിൽ വിജയിച്ചു. അതിനാൽ നേരത്തെ പാർലമെന്‍റിൽ നടന്ന ഏകപക്ഷീയമായ പ്രവർത്തനം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.