പൂണെ: അമിതവേഗതയിലെത്തിയ പോർഷെ കാറിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ വാഹനമോടിച്ച 17 വയസ്സുകാരന്‍റെ മാതാപിതാക്കളുടെയും തെളിവ് നശിപ്പിച്ച മറ്റൊരു പ്രതിയുടെയും കസ്റ്റഡി ജൂൺ 14 വരെ നീട്ടി പൂണെ കോടതി .
അപകടത്തിനുശേഷമുള്ള രക്ത പരിശോധനക്ക് രക്തം മാറ്റി നൽകിയെന്ന കുറ്റത്തിന് പുണെ സിറ്റി പൊലീസാണ് കുട്ടിയുടെ അമ്മ ശിവാനി അഗർവാളിനെ അറസ്റ്റ് ചെയ്യത്. കൗമാരക്കാരന്‍റെ രക്ത സാമ്പിൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും ഇടപെട്ടുവെന്ന് ആശുപത്രി ഡീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റുണ്ടായത്. തെളിവ് നശിപ്പിച്ചുവെന്നാരോപിച്ചാണ് ഇവരുടെ ഭർത്താവ് വിശാൽ അഗർവാളിന്‍റെ അറസ്റ്റ്.
ദമ്പതികളെ കൂടാതെ രക്തസാമ്പിളുകൾ ശേഖരിച്ച ഹോസ്പിറ്റലിലെ ഡോക്ടർമാരും അവർക്കിടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചയാളെയും കോടതിയിൽ ഹാജരാക്കി. രക്തസാമ്പിളുകൾ എവിടേക്കാണ് നീക്കം ചെയ്തതെന്ന് കണ്ടെത്തണമെന്നും മൂവരുടെയും കസ്റ്റഡി നീട്ടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇടനിലക്കാരന് വിശാലിന്‍റെ ഡ്രൈവർ നാല് ലക്ഷം രൂപ നൽകിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഹോസ്പിറ്റൽ ജീവനക്കാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും ബാക്കി ഒരു ലക്ഷം രൂപ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇതിനകം നിരവധി ദിവസങ്ങൾ ഇവർ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.