ന്യൂഡൽഹി: കുടുംബവാഴ്ചയെന്ന് മറ്റുള്ളവരെ വിമർശിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ കുടുംബകൂട്ടായ്മയാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസത്തെയാണ് മോദിയെന്ന് വിളിക്കുന്നതെന്നും കഴിഞ്ഞ ദിവസം അധികാരമേറ്റ 20 മന്ത്രിമാരുടെ പട്ടിക പങ്കുവച്ച് രാഹുൽ എക്സിൽ കുറിച്ചു.
എച്ച്.ഡി.കുമാരസ്വാമി (മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകൻ), ജ്യോതിരാദിത്യ സിന്ധ്യ (മുൻ കേന്ദ്രമന്ത്രി മാധവ റാവു സിന്ധ്യയുടെ മകൻ), കിരൺ റിജിജു (അരുണാചലിലെ ആദ്യ പ്രോടേം സ്പീക്കർ റിഞ്ചിൻ ഖാരുവിന്‍റെ മകൻ), ജെ.പി. നഡ്ഡ (മധ്യപ്രദേശിലെ മുൻമന്ത്രി ജയശ്രീ ബാനർജിയുടെ മരുമകൻ), ചിരാഗ് പാസ്വാൻ (മുൻ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍റെ മകൻ), റാവു ഇന്ദർജിത് സിങ് (ഹരിയാന മുൻ മുഖ്യമന്ത്രി റാവു ബിരേന്ദ്ര സിങ്ങിന്‍റെ മകൻ), പിയൂഷ് ഗോയൽ (മുൻ കേന്ദ്രമന്ത്രി വേദ്പ്രകാശ് ഗോയലിന്‍റെ മകൻ), ധർമേന്ദ്ര പ്രധാൻ (മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്‍റെ മകൻ) എന്നിവരുൾപ്പെടെ മന്ത്രിസഭയിൽ ഉണ്ടെന്ന് രാഹുൽ ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസും ഇൻഡ്യ മുന്നണിയിലെ മറ്റു പാർട്ടികളും കുടുംബവാഴ്ചക്കാണ് പ്രാധാന്യം നൽകുന്നതെന്ന മോദിയുടെ വാദത്തിന് മറുപടിയായാണ് രാഹുൽ പട്ടികയുമായി രംഗത്തുവന്നത്. വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച രാഹുൽ രണ്ടിടത്തും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മോദിയുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി. പലയിടത്തും ബി.ജെ.പിക്ക് അപ്രതീക്ഷിത തോൽവിയുണ്ടായതോടെ എൻ.ഡി.എയുടെ അംഗസംഖ്യ 294ൽ ഒതുങ്ങി.