രാജ്യത്ത് പബ്ലിക് സർവീസ് കമിഷന്‍ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 മെയ് 21 മുതല്‍ 2024 മെയ് 31വരെ വിവിധ തസ്തികകളിലെ നിയമനത്തിനായി 2808 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീ കരിച്ചിട്ടുണ്ടെന്നും നിയമസഭയിൽ പൊതുഭരണ ധനാഭ്യർഥന ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
ഈ കാലയളവില്‍ 88,852 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി നിയമന ശിപാര്‍ശ നല്‍കി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 1,61,268 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കിയിരുന്നു. 2016 മെയ് മാസം മുതല്‍ നാളിതുവരെ 2,50,120 നിയമന ശിപാര്‍ശകള്‍ പി.എസ്.സി നല്‍കിയിട്ടുണ്ട്. നിലവില്‍ വാര്‍ഷിക കലണ്ടര്‍ തയാറാക്കി പരീക്ഷകളുടെ വിജ്ഞാപനവും തുടര്‍നടപടികളും സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി.
കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിന് ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്ക്) വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിന്‍റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റം വഴി 1.10 ലക്ഷം ഉദ്യോഗാഖികളെ നിയമിക്കാനും കഴിഞ്ഞു.
സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. 79 ഇനം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒരു സര്‍ക്കാര്‍ അധികാരിയെയും സമീപിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് നടപ്പാക്കിയ ഇ-ഓഫീസ് സംവിധാനം സെക്രട്ടേറിയേറ്റിന് പുറമെ വകുപ്പ് മേധാവികളുടെയും ജില്ലാ മേധാവികളുടെ ഓഫീസു കളിലും നടപ്പിലാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലൂടെ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ഇക്കൊല്ലം ജനുവരി ഒന്നിന് കെ-സ്മാര്‍ട്ട് പദ്ധതി ആരംഭിച്ചു. നവംബര്‍ ഒന്നു മുതല്‍ 152 ബ്ലോക്ക് പഞ്ചായത്തുകളിലും 941 പഞ്ചായത്തുകളിലും കൂടി കെ-സ്മാര്‍ട്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നാളിതുവരെ 14 ലക്ഷത്തോളം അപേക്ഷ ലഭിച്ചതില്‍ പത്ത് ലക്ഷത്തോളം അപേക്ഷകള്‍ കെ-സ്മാര്‍ട്ട് വഴി തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലോക കേരള സഭ ലോകത്തിന്‍റെ വിവിധ മേഖലകളിലുള്ള മലയാളികളുടെ ക്രിയാത്മകമായ കൂട്ടായ്മയായി മാറിക്കഴിഞ്ഞു.നാലാം ലോക കേരള സഭ കേരള നിയമസഭയില്‍ ജൂണ്‍ 13 മുതല്‍ 15 വരെ സമ്മേളിക്കുകയാണ്. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയില്‍ അതിദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് നടത്തിയ പഠനത്തില്‍ 64,006 കുടുംബങ്ങളില്‍പ്പെട്ട 1,03,099 വ്യക്തികള്‍ അതിദാരിദ്ര്യമുള്ളവരാണെന്ന് കണ്ടെത്തി. ഇതില്‍ 30923 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചു. 2025 നവംബര്‍ 1 ന് സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.