കര്‍ണാടക : സര്‍ക്കാര്‍ ജീവനക്കാരന്‍ അന്‍പത് രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അച്ചടക്ക സമിതി നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷ വിധിച്ച ഉത്തരവ് കര്‍ണാടക ഹൈക്കോടതി ഇടപെട്ട് റദ്ദാക്കി. ജസ്റ്റിസ് ഡി.ജി. പണ്ഡിറ്റ്, ജസ്റ്റിസ് ആനന്ദ് രാമനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അച്ചടക്ക സമിതി വിധിച്ച നിര്‍ബന്ധിത വിരമിക്കല്‍ റദ്ദാക്കിയത്.
2004ല്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് എം.എസ് കടക്കോല്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രതിക്കെതിരെ ചുമത്തിയ ശിക്ഷ കുറ്റത്തിന്റെ സ്വഭാവവുമായി ഒരു തരത്തിലും ചേര്‍ന്നു പോകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ ഉചിതമായ ശിക്ഷാവിധി പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതി വിഷയം വീണ്ടും അച്ചടക്ക സമിതിക്ക് വിട്ടു. അഴിമതി നിരോധന നിയമത്തിന്റെ സെക്ഷന്‍ 7, 13 (1), 13 (2) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.
ധരവെഡില്‍ നിന്നും ബ്യാഡഗിയിലേക്ക് സ്ഥലം മാറി വന്ന സര്‍ക്കാര്‍ ജീവനക്കാരനായ ചന്ദാചാരിയുടെ സര്‍വീസ് റെക്കോഡ് അയക്കുന്നതിനായി 150 രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ഇയാള്‍ക്കെതിരെയുണ്ടായിരുന്ന പരാതി. പിന്നീട് ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 50 രൂപ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞിരുന്നു. സോക്സിനുള്ളല്‍ 50 രൂപ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.