തിരുവനന്തപുരം: കേരള വികസനത്തിനായുള്ള 44 പുതിയ പദ്ധതികൾക്ക് കിഫ്ബി ധനാനുമതി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കിഫ്ബിയുടെ 43 ാമത് ബോർഡ് യോഗത്തിൽ 6943.37 കോടി രൂപയാണ് പുതിയ പദ്ധതികൾക്കായി അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്.
ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലും ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലുമായി പൊതുമരാമത്ത് വകുപ്പിന് കീഴിൽ 4397.88 കോടി രൂപയുടെ 28 പദ്ധതികൾക്കും, ജലവിഭവ വകുപ്പിന് കീഴിൽ 273.52 കോടി രൂപയുടെ 4 പദ്ധതികൾക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ 392.14 കോടി രൂപയുടെ 7 പദ്ധതികൾക്കും, വെസ്റ്റ്കോസ്റ്റ് കനാൽ വിപുലീകരണത്തിന് 3 പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിയ്ക്കും, ആയുഷ് വകുപ്പിനു കീഴിൽ കീഴിൽ I R I Aയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നൽകിയിട്ടുണ്ട്.