തിരൂർ: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെപുരക്കൽ നൂഹിനെ അവസാനമായി കാണാൻ കഴിയാത്ത സങ്കടത്തിലാണ് സഹോദരങ്ങൾ. കുവൈത്തിലുള്ള രണ്ട് സഹോദരങ്ങളും കൊച്ചനുജനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാൻ കഴിയാത്തതിന്റെ തീരാനൊമ്പരത്തിലാണ്. തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 15 കിലോമീറ്റർ മാത്രം അകലെ അബ്ബാസിയ എന്ന സ്ഥലത്താണ് നൂഹിന്റെ മൂത്ത സഹോദരൻ റഫീഖ് താമസിക്കുന്നത്. എല്ലാ ദിവസവും ഫോൺ മുഖേന വിശേഷങ്ങൾ പങ്കുവെക്കുന്നവരാണ് നൂഹും റഫീഖും. അപകടം ഉണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് റഫീഖിനെ കാണാൻ നൂഹ് എത്തിയിരുന്നു. പക്ഷേ അത് അവസാന കൂടിക്കാഴ്ചയായിരിക്കുമെന്ന് വിചാരിച്ചില്ലെന്ന് നിറകണ്ണുകളോടെ റഫീഖ് പറയുന്നു. ശർഖ് എന്ന സ്ഥലത്താണ് ഇവരുടെ മൂത്ത സഹോദരനായ സുബൈറും താമസിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ നാലിന് റഫീഖ് ജോലി ചെയ്യുന്ന മത്സ്യ മാർക്കറ്റിലേക്ക് മത്സ്യം ലേലം ചെയ്ത് കൊണ്ടുവരാൻ പോയ മുതലാളിയുടെ ഫോൺ വിളി കേട്ടാണ് റഫീഖ് ഉണരുന്നത്. നൂഹ് താമസിക്കുന്ന ഫ്ലാറ്റിൽ തിപ്പിടിത്തം ഉണ്ടായിട്ടുണ്ടെന്ന് നൂഹിന്റെ കമ്പനിയിലേക്ക് മത്സ്യം വാങ്ങിക്കാനെത്തിയവർ പറഞ്ഞിട്ടുണ്ടെന്നും വലിയ പ്രശ്നമൊന്നുമില്ലെന്നും എങ്കിലും ഉടൻ നൂഹിനെ വിളിച്ച് അന്വേഷിക്കണമെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. നിരന്തരം വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ നൂഹിന്റെ സുഹൃത്തുക്കളെ വിളിക്കാൻ തുടങ്ങി. അവരിൽനിന്നാണ് നൂഹ് ഫ്ലാറ്റിന്റെ ആറാം നിലയിലാണ് താമസിക്കുന്നതെന്ന് വിവരം ലഭിച്ചത്. അതോടെ കുറച്ച് ആശ്വാസമായി. ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. എങ്കിലും വിളിച്ചിട്ട് കിട്ടുന്നില്ലെന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചു.
തുടർന്ന് അവർ നൂഹിന്റെ കൂടെ താമസിക്കുന്ന മറ്റു രണ്ടുപേരിൽ ഒരാളെ ഫോൺ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. ഫ്ലാറ്റിലെ ചിലരെ സമീപത്തെ നാലോളം ആശുപത്രികളിലേക്കും മറ്റു ചിലരെ പൊലീസ് ക്യാമ്പുകളിലേക്കും മാറ്റിയിട്ടുണ്ടായിരുന്നു. ഉടനെ നൂഹിന്റെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും ആശുപത്രി അധികൃതർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ ഗ്രൂപ്പുകളിലേക്ക് അയച്ചുതുടങ്ങി.
ഫോട്ടോയും രേഖയും ആശുപത്രി അധികൃതരുടെ കൈവശം എത്തിയതോടെയാണ് മരണപ്പെട്ടവരുടെ പട്ടികയിൽ നൂഹും ഉൾപ്പെട്ടതായി അറിഞ്ഞത്. അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ലെന്ന് നിറകണ്ണുകളോടെ സഹോദരൻ റഫീഖ് പറഞ്ഞു. നാട്ടിലേക്ക് തിരിക്കാൻ വിമാന ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് നൂഹിന്റെ കമ്പനി ഇടപെട്ട് റഫീഖിന് ടിക്കറ്റ് തരപ്പെടുത്തി കൊടുത്തു. സുബൈറിന് കുവൈത്ത് കെ.എം.സി.സിയും ടിക്കറ്റ് ശരിയാക്കി നൽകി. ഇരുവരും നാട്ടിലെത്തി സഹോദരന്റെ ഖബറിനരികിലെത്തി പ്രാർഥന നടത്തിയാണ് വീട്ടിലേക്ക് പ്രവേശിച്ചത്.