ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കരട് വോട്ടർപട്ടിക ബുധനാഴ്‌ച പ്രസിദ്ധീകരിക്കും. ഉടുമ്പന്നൂർ പഞ്ചായത്തിലെ 12–-ാം വാർഡ്(വെള്ളന്താനം), അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡ്(ചേമ്പളം), ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം (ആണ്ടവൻകുടി) എന്നിവിടങ്ങളിലെ അംഗങ്ങളുടെ ഒഴിവു നികത്തുന്നതിനായാണ് ഉപതെരഞ്ഞെടുപ്പ്.
ഇതുസംബന്ധിച്ച് ഓൺലൈനായി ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർ ഷീബ ജോർജ് നിർദേശം നൽകി. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചുവരെ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും. തുടർനടപടി സ്വീകരിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അപ്ഡേഷൻ പൂർത്തിയാക്കേണ്ട തീയതി മാർച്ച് 14 ആണ്. 16ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
കരട് പ്രസിദ്ധീകരിച്ച ശേഷം മരണപ്പെട്ടവരുടെ പേരുവിവരം ബന്ധപ്പെട്ട രജിസ്റ്ററുകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും വിശദാംശങ്ങൾ തദ്ദേശഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും വേണം.
ഏഴു ദിവസത്തിനകം ഇതു സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പോ അഭിപ്രായമോ ആക്ഷേപമോ ലഭിക്കാത്ത പക്ഷം മരണപ്പെട്ട ആളുടെ പേരുവിവരം നിലവിലുള്ള വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. വോട്ടർപട്ടികയിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ തുടങ്ങിയവയ്‌ക്ക് ബന്ധപ്പെട്ട ഓൺലൈൻ ഫോറത്തിലൂടെ അപേക്ഷിക്കാം.