ന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ കോർബെവാക്സ് 12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)ക്ക് കീഴിലെ വിഷയ വിദഗ്ധ സമിതി ശിപാർശചെയ്തു. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പ്രോട്ടീന്‍ സബ്-യൂനിറ്റ് വാക്സിനാണ് കോര്‍ബെവാക്സ്. ഡി.സി.ജി.ഐ അന്തിമ അനുമതി നല്‍കുന്നതോടെ കോര്‍ബെവാക്സും കൗമാരക്കാരില്‍ കുത്തിവെക്കാന്‍ കഴിയും.
വിദഗ്ധസമിതി ശിപാർശ നൽകിയതിന് പിന്നാലെ ബയോളജിക്കൽ ഇ 30 കോടി ഡോസ് കോർബെവാക്സ് ഉടൻ കേന്ദ്രത്തിന് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബയോളജിക്കൽ ഇക്ക് കഴിഞ്ഞവർഷം മുൻകൂറായി കേന്ദ്രം 1,500 കോടി രൂപ അനുവദിച്ചിരുന്നു. നികുതി ഉൾപ്പെടാതെ ഡോസിന് 145 രൂപയാകും വിലയെന്നാണ് സൂചന. കോർബേവാക്സ് മുതിർന്നവരിൽ നിയന്ത്രിത ഉപയോഗത്തിന് ഡി.ജി.സി.ഐ കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നു. എന്നാൽ രാജ്യത്തെ വാക്സിൻ കുത്തിവെപ്പ് യജ്ഞത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.