ഭുവനേശ്വർ: ഒഡീഷയിൽ മുസ്‌ലിം കുടുംബത്തിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം. ഗോമാംസം സൂക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. വീട്ടിൽ കയറിയ ഗോരക്ഷാ ഗുണ്ടകൾ, ഫ്രിഡ്ജ് പരിശോധിച്ചു. ബലി പെരുന്നാളിന് ലഭിച്ച മാംസം പുറത്തെടുത്ത് നശിപ്പിക്കുകയും ചെയ്തു.
ഖോർധ നഗരത്തിലാണ് സംഭവം നടന്നത്. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് നടത്തിയ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫ്രിഡ്ജിലുണ്ടായിരുന്ന മാംസമെല്ലാം സംഘം നശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് രാവിലെ, പെരുന്നാളിനോടനുബന്ധിച്ച മൃഗ ബലിക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതേതുടർന്ന് മേഖലയിൽ ജില്ല ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. നഗരത്തിലെ ചില പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പെരുന്നാൾ ആഘോഷത്തിനിടെ ബാലസോർ നഗരത്തിൽ ഇതേവിഷയത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ സംഘർഷം അരങ്ങേറിയിരുന്നു. ഗോലാപോഖാരി, മോട്ടിഗഞ്ച്, സിനിമാ ഛക് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. ഗോരക്ഷാ ഗുണ്ടകൾ നടത്തിയ കല്ലേറിൽ 20 പേർക്ക് പരിക്കേറ്റിരുന്നു.
ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ബാലസോർ കലക്ടർ ആശിഷ് താക്കറെയുമായി ചർച്ച നടത്തി, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.