റിയാദ്: ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ സംഘം മടങ്ങി. ഇന്ന് പുലർച്ചെ സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ ഇൻറർനാഷണൽ ഹജ്ജ് ടെർമിനലിൽ നിന്നും 289 ഹാജിമാരുമായാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഹാജിമാരെ ഹജ്ജ് ടെർമിനലിൽ കെഎംസിസി എയർപോർട്ട് വിങ്ങും ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ചേർന്ന് യാത്രയാക്കി. ഇന്ന് മുതൽ ജൂലൈ 14ന് അവസാന ഹാജി യാത്രയാവുന്നത് വരെ കെഎംസിസി എയർപോർട്ട് സജീവമായി തന്നെ രംഗത്തുണ്ടാവുമെന്ന് കൺവീനർ നൗഫൽ റഹീലി അറിയിച്ചു. കടുത്ത ചൂടിനിടയിലും കെഎംസിസി ഉൾപ്പെടുന്ന ഇന്ത്യൻ വളണ്ടിയർമാരുടെ സേവനം മിനയിലും മറ്റും ഇന്ത്യൻ ഹാജിമാർക്ക് വലിയ ആശ്വാസമായിരുന്നു എന്ന് ഹാജിമാർ പറഞ്ഞു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം മുതൽ അവസാന യാത്രികർ എത്തുന്നത് വരെ അവരെ സ്വീകരിക്കാനും വേണ്ട ഒത്താശകൾ ചെയ്യുവാനായും കെഎംസിസി സന്നദ്ധനായിരുന്നു. ഇനി യാത്രയയയപ്പിന്റെ നാളുകൾ. അവസാന ഹാജിയെയും യാത്രയാക്കുന്നതുവരെ ഇതു തുടരും.