തിരുവനന്തപുരം: ഭൂമിതരം മാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനം ഒരുക്കുന്നു. തിരുവനന്തപുരം കലക്ടറേറ്റിൽ മന്ത്രി കെ. രാജൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉക്ക് 12ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരിക്കും. വി.കെ പ്രശാന്ത് എം.എൽ.എ, ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
സംസ്ഥാനത്തെ ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ നിയമഭേദഗതിയിലൂടെ ഡെപ്യൂട്ടി കലക്ടർമാർക്ക് കൂടി നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലായി നിലവിൽ നടത്തി വരുന്ന ഭൂമി തരം മാറ്റൽ നടപടികൾ വീകേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കലക്ടർമാർക്ക് നൽകും. ഭൂമിതരം മാറ്റൽ നടപടികൾ അതിവേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയായിട്ടുണ്ട്.
ചടങ്ങിൽ അടൂർ പ്രകാശ് എം.പി, എം.എൽ.എ മാരായ ഒ.എസ് അംബിക, ആന്റണി രാജു, കെ. ആൻസലൻ, സി.കെ ഹരീന്ദ്രൻ, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ, ഡി. കെ മുരളി, ഐ.ബി സതീഷ്, വി. ശശി, ജി. സ്റ്റീഫൻ, എം. വിൻസെന്റ് എന്നിവരും പങ്കെടുക്കും.