ന്യൂഡല്‍ഹി: പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ്-പി.ജി ഈ മാസം ഒടുവില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പാകും അന്തിമ ചോദ്യപ്പേപ്പര്‍ തയാറാക്കുക. തീയതി ഉടന്‍ പ്രഖ്യാപിക്കും. ജൂണ്‍ 23ന് നടത്താനിരുന്ന പരീക്ഷ, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.
പരീക്ഷ റദ്ദാക്കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളില്‍ പലരും മണിക്കൂറുകള്‍ സഞ്ചരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയത്. തങ്ങളുടെ അധ്വാനത്തിനും സമയത്തിനും യാതൊരു പരിഗണനയും നല്‍കാത്ത നടപടിയാണ് പരീക്ഷ നടത്തിപ്പുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അവര്‍ പറഞ്ഞു. വിഷയം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
നേരത്തെ റദ്ദാക്കിയ യു.ജി.സി-നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെ നടക്കും. ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനു പിന്നാലെ പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. നീറ്റ്-യു.ജിക്ക് പിന്നാലെ മറ്റ് പരീക്ഷകളിലും വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെ പരീക്ഷ നടത്തിപ്പ് ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ്് ഏജന്‍സിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്.