ന്യൂഡൽഹി: ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടിച്ചുകുടഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പ്രസംഗം സംഘ്പരിവാറിനെയും എൻ.ഡി.എയെയും തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കിയത്. പാർലമെന്റിൽ തന്നെ മോദിയും അമിത്ഷായും രാജ്നാഥ് സിങ്ങും സ്പീക്കർ ഓം ബിർലയും ആ അങ്കലാപ്പ് പരസ്യമായി പ്രകടമാക്കിയിരുന്നു.
സഭക്ക് പുറത്തുള്ള ബി.ജെ.പി -സംഘ്പരിവാർ കേന്ദ്രങ്ങളെയും രാഹുലിന്റെ കടന്നാക്രമണം പിടിച്ചുലച്ചുവെന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രതികരണങ്ങൾ. സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നേതാക്കളും പ്രവർത്തകരും നടത്തുന്ന വ്യാജപ്രചരണം അതിന്റെ തെളിവാണ്. പാർലമെന്റിലെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തെയാകെ അക്രമാസക്തരെന്ന് വിളിച്ചുവെന്നാണ് ആരോപണം. ബി.ജെ.പി എം.പിമാരും കേന്ദ്രമന്ത്രിമാരും ബി.ജെ.പി അനുഭാവികളും സഹയാത്രികരുമടക്കം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ അടർത്തിയെടുത്ത വിഡിയോ പങ്കുവെച്ചാണ് കള്ളം പ്രചരിപ്പിക്കുന്നത്. ‘ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും നുണകളിലും ഏർപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് പറയുന്നു’ എന്നാണ് അടിക്കുറിപ്പ്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എല്ലാ ഹിന്ദുക്കളെയും അക്രമകാരികളെന്ന് വിളിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ഹിന്ദുക്കളോടുള്ള വെറുപ്പും അവഹേളനവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഹുൽ ഗാന്ധിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ഹിന്ദുക്കളോടുള്ള കോൺഗ്രസിന്റെ വിദ്വേഷം എല്ലാ പരിധികളും കടന്നുവെന്ന് ആരോപിച്ചാണ് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാല വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില ആളുകൾ ഒരിക്കലും മാറില്ലെന്ന് അമേത്തിയിൽ തോറ്റ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. യുവമോർച്ച നേതാവ് ജഗത് പ്രകാശ് നദ്ദ, മറ്റ് ബി.ജെ.പി നേതാക്കൾ, എം.പിമാർ തുടങ്ങിയവരും സമാനമായ ആരോപണം ഉന്നയിച്ച് രാഹുൽ ഗാന്ധിയുടെ വിഡിയോ പങ്കുവെച്ചു.