റാഞ്ചി: ജാർഖണ്ഡിൽ ഇമാമിന് നേരെ ആൾക്കൂട്ടാക്രമണം. വാഹനാപകടവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിലും തുടർന്ന് ഇമാമിന്റെ മരണത്തിലും കലാശിച്ചത്. ഇമാം മൗലാന സഹാബുദ്ദീൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചിരുന്നു.
അപകടത്തിൽ ഓട്ടോയിലുണ്ടായ അനിത ദേവിയെന്ന സ്ത്രീക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. ഇവർ തമ്മിൽ അപകടം സംബന്ധിച്ച് സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകളെത്തി ഇമാമിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഇമാമിനെ മർദിക്കരുതെന്ന് യുവതി ആവശ്യപ്പെട്ടുവെങ്കിലും അത് കേൾക്കാൻ ആൾക്കൂട്ടം തയാറായില്ല. ഇവർ പറയുന്നത് കേൾക്കാതെ അപകടത്തിന്റെ കാരണം പറഞ്ഞ് ഇമാമിനെ ആൾക്കൂട്ടം വീണ്ടും മർദിച്ചു. തുടർന്ന് പൊലീസെത്തിയാണ് മൗലാന സഹാബുദ്ദീനെ ആൾക്കൂട്ടത്തിൽ നിന്നും രക്ഷിച്ചത്. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രമധ്യേ ഇമാം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, ഇത് മതപരമായ പ്രശ്നമല്ലെന്നും ഇമാമിന് നേരെ ആക്രമണമുണ്ടായെന്ന വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തേക്ക് എത്തിയെന്ന് യു.പി പൊലീസ് അറിയിച്ചു. എന്നാൽ, മുസ്‍ലിമായത് കൊണ്ടാണ് പിതാവ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് മകൻ മൊഹദ് പർവേസ് അലം പറഞ്ഞു.