തിരുവനന്തപുരം: വിമാന നിരക്കിൽ വമ്പൻ ഓഫറുമായി സിംഗപ്പൂര്‍ എയർലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്സിഡിയറിയായ സ്കൂട്ട്. ഞെട്ടിക്കുന്ന നിരക്കുമായാണ് ജൂലൈ മാസത്തെ തീമാറ്റിക് സെൽ ആരംഭിച്ചിരിക്കുന്നത്. നികുതി അടക്കം ഒറ്റ വശത്തേക്കുള്ള എക്കണോമിക് നിരക്കുകളിൽ അസാധാരണമായ ഓഫറുകളാണ് നൽകുന്നത്. ജൂലൈ 2 ചൊവ്വാഴ്ച മുതൽ ജൂലൈ 7 ഞായറാഴ്ച വരെ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാവുക. ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് 5,900 രൂപയും, വിശാഖപട്ടണത്തില് നിന്ന് മെൽബണിലേക്കുള്ള ദീർഘദൂരയാത്രയ്ക്ക് 15,900 രൂപയുമാണ് വില. കോയമ്പത്തൂര്‍, തിരുവനന്തപുരം, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും സര്‍വീസുകൾ കുറഞ്ഞ നിരക്കിൽ ആരംഭിക്കും.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ പറ്റുന്ന ബുക്കിങ് ഓഫറുകളിൽ ചിലത് ഇവയാണ്. കോയമ്പത്തൂര് മുതൽ ക്വാലാലംപൂര്‍ വരെ 7,800 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം മുതൽ ജക്കാർത്ത വരെ 8,900 രൂപയും, വിശാഖപട്ടണം മുതൽ ഹോചിമിൻ സിറ്റി വരെ 8,200 രൂപയുമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുകയെന്ന് കമ്പനി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.കോയമ്പത്തൂരിൽ (CJB) നിന്ന് ജൂലൈ 15 മുതൽ നവംബർ 1 വരെയാണ് സര്‍വീസ്. തിരുവനന്തപുരം (TRV) വിമാനത്താവളത്തിൽ നിന്ന് നവംബര്‍ ആറ് മുതൽ ഡിസംബര്‍ 14 വരെ സര്‍വീസ് നടത്തും. വിശാഖപട്ടണം (VTZ), 2025 ജനുവരി എട്ട് മുതൽ ജനുവരി 15 വരെ സര്‍വീസുണ്ടാകും. ചെന്നൈ (MAA)യിൽ നിന്ന് 2025 ഫെബ്രുവരി ആറ് മുതൽ ഏപ്രിൽ 17 വരെയും, തിരുച്ചിറപ്പള്ളി (TRZ) യിൽ നിന്ന് 2025 മെയ് 16 മുതൽ ജൂൺ 19 വരെയുള്ള കാലയളവിലാണ് സര്‍വീസുകൾ നടത്തുക.