കൽപറ്റ: ജില്ലകൾ മുഴുവൻ ഊഴമിട്ട് സഞ്ചരിക്കുമ്പോഴും സംസ്ഥാന സ്കൂൾ കലോത്സവവും കായികമേളയുമൊക്കെ ചുരം കയറിയെത്താൻ എന്തുകൊണ്ടാണ് മടിക്കുന്നത്? ചരിത്രത്തിൽ ഇന്നേവരെ ഒരുതവണ പോലും വയനാട്ടിൽ സംസ്ഥാന സ്കൂൾ കലോത്സവം നടന്നിട്ടില്ല. സംസ്ഥാന സ്കൂൾ കായികമേളയുടെ കാര്യവും അതുതന്നെ. വയനാടിനൊപ്പം പിന്നാക്ക ജില്ലകളെന്ന് വിലയിരുത്തപ്പെടുമ്പോഴും കാസർകോടിനും ഇടുക്കിക്കുമൊക്കെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങൊരുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കൽപറ്റയേക്കാൾ സൗകര്യം കുറഞ്ഞ നഗരങ്ങൾ പലകുറി മേളക്ക് ആതിഥ്യം വഹിച്ചപ്പോഴും വയനാടിനോടുള്ള അവഗണന പതിറ്റാണ്ടുകളായി തുടരുക തന്നെയാണ്.
ഭരണകൂടങ്ങൾക്ക് തങ്ങളോട് എന്നും അവഗണനയാണെന്ന പരിഭവത്തിന് വയനാടിന്റെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിൽ ഏറെ കഴമ്പുണ്ടുതാനും. ജില്ല രൂപവത്കരിച്ച് അരപതിറ്റാണ്ടാവാറായെങ്കിലും എല്ലാ മേഖലയിമുള്ള ‘അയിത്ത’ത്തിന് ഇന്നും കുറവൊന്നുമില്ല. സംസ്ഥാന സ്കൂൾ കലോത്സവ, കായിക മേളകളുടെ നടത്തിപ്പ് കാര്യത്തിലും അതിനു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെയെന്നാണ് വയനാട്ടുകാരുടെ .ചോദ്യം.
ജില്ലയിൽ സൗകര്യം കുറവാണെന്ന ‘കുറ്റം’ ചാർത്തിയാണ് പണ്ട് വയനാടിനെ സ്ഥിരമായി മാറ്റിനിർത്തിയിരുന്നത്. ഇന്നുവരെ സംസ്ഥാന സ്കൂൾ കലോത്സവമോ കായികമേളയോ ചുരം കയറി എത്താത്തതിനു പറഞ്ഞ ന്യായം അതായിരുന്നു. സംസ്ഥാന സ്കൂൾ ശാസ്ത്രമേള മേള പോലും ഒറ്റത്തവണയാണ് വയനാട്ടിൽ നടത്തിയത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അടുത്ത കാലത്തായി ജില്ലക്ക് സംസ്ഥാന മേളകൾ എല്ലാ സൗകര്യങ്ങളോടെയും നടത്താനുള്ള സംവിധാനങ്ങൾ ആയിട്ടുണ്ടെന്ന് അധികൃതർതന്നെ സമ്മതിക്കുന്നുണ്ട്.
എന്നാൽ, ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി വിവിധ സ്കൂൾ മേളകളുടെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചപ്പോൾ ഒന്നിൽപോലും വയനാട് ഇടം നേടിയില്ല. ഒരുതവണ സംസ്ഥാന കേരളോത്സവം വയനാട്ടിൽ നടത്തിയപ്പോൾ വൻ വിജയമായിരുന്നു.
നിലവിൽ ജില്ല സ്റ്റേഡിയത്തിൽ കായിക മേള നടത്താനുള്ള സജ്ജീകരണങ്ങളുണ്ട്. ഇൻഡോർ സ്റ്റേഡിയം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുകയാണ്. അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് നടത്തിയാലും മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയം ഉൾപ്പെടെയുള്ളവയെ ഉപയോഗപ്പെടുത്താനാകും. ജില്ല ആസ്ഥാനത്ത് ദേശീയപാതയോരത്ത് വലിയ ഗ്രൗണ്ടും സ്റ്റേജുമുൾപ്പെടെ സജ്ജീകരണങ്ങളുള്ള എസ്.കെ.എം.ജെ സ്കൂൾ അടക്കം നിരവധി സ്കൂളുകളും ഓഡിറ്റോറിയങ്ങളും നിലവിലുണ്ട്.
അധ്യാപകർക്കും വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും താമസിക്കാനാവശ്യമായ സൗകര്യങ്ങളും ഇപ്പോൾ നിരവധിയാണ്. എന്നിട്ടും വിദ്യാഭ്യാസ വകുപ്പ് കായികമേളയോ കലോത്സവമോ നടത്താൻ വയനാട് ജില്ലയെ പരിഗണിക്കുന്നില്ലെന്നാണ് ആരോപണം.
ജില്ലയിലെ എം.എൽ.എമാർ റിസ്ക് ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്ന് അധ്യാപകർ പറയുന്നു. മേളകൾക്ക് വയനാടിനെ പരിഗണിക്കാതെ പോകുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ വയനാടിനോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണം കൂടിയാണ്. കഴിവില്ലാത്ത അധ്യാപകരെ വയനാട്ടിലെ വിവിധ സ്കൂളുകളിലേക്ക് കഴിഞ്ഞ ദിവസം പണിഷ്മെന്റ് ട്രാൻസ്ഫർ നടത്തിയത് ഏറെ വിവാദമായിരുന്നു.
സ്കൂൾ മേളകൾ വയനാട്ടിൽ നടത്താൻ എല്ലാ സജ്ജീകരണങ്ങളുമുണ്ടെന്നും മേളകളെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.