ന്യൂഡൽഹി: വിക്കിപീഡിയക്കെതിരെ മാനനഷ്ട കേസുമായി വാർത്ത ഏജൻസിയായ എ.എൻ.ഐ പ്രൈവറ്റ് ലിമിറ്റഡ്. ഡൽഹി ഹൈകോടതി മുമ്പാകെയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടം പരിഹാരം ആവശ്യപ്പെട്ടാണ് കേസ്.
കേന്ദ്രസർക്കാറിന് വേണ്ടി എ.എൻ.ഐ പ്രചാരവേല നടത്തുകയാണ്, വ്യാജ ന്യൂസ് വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളാണ് വാർത്താ ഏജൻസി പങ്കുവെക്കുന്നത്, വിവരങ്ങൾ തെറ്റായാണ് റിപ്പോർട്ട് ചെയ്യുന്നത് തുടങ്ങിയ പരാമർശങ്ങൾക്കെതിരെയാണ് എ.എൻ.ഐയുടെ നടപടി.
വാർത്താ ഏജൻസിക്കെതിരായ മോശം ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ഇപ്പോഴുള്ളത് ഒഴിവാക്കണമെന്നുമാണ് എ.എൻ.ഐയുടെ ആവശ്യം. നിലവിൽ വിക്കിപീഡിയയിലെ എ.എൻ.ഐയുടെ പേജ് എഡിറ്റ് ചെയ്യാൻ പറ്റാത്ത രീതിയിലാണ് ഉള്ളതെന്നും വാർത്ത ഏജൻസിക്കായി ഹാജരായ അഭിഭാഷകൻ അറിയിച്ചു.
ഹരജിയിൽ ജസ്റ്റിസ് നവീൻ ചൗള നോട്ടീസയച്ചിട്ടുണ്ട്. ഹരജി ആഗസ്റ്റ് 20ന് പരിഗണിക്കാനായി മാറ്റുകയും ചെയ്തു. അഭിഭാഷകൻ സിദ്ധാനത് കുമാറാണ് എ.എൻ.ഐക്ക് വേണ്ടി കോടതിയിൽ ഹാജരായത്.