ന്യൂഡൽഹി: ഖലിസ്ഥാൻ വാദം ഉയർത്തുന്ന ഭീകര ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ (എസ്.എഫ്.ജെ) നിരോധനം കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. ജൂലൈ 10 മുതൽ അഞ്ച് വർഷത്തേക്കാണ് നിരോധനം നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഖലിസ്ഥാൻ വാദം ഉയർത്തി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റിസിനെ 2019 ജൂലൈയിലാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. 2020ൽ സിഖ്സ് ഫോർ ജസ്റ്റിസ് നേതാക്കളായ ഗുര്‍പത്‌വന്ത് സിങ്, ഹര്‍ദീപ് സിങ് നിജ്ജാര്‍ എന്നിവരുടെ വസ്തുവകകള്‍ യു.എ.പി.എ നിയമത്തിലെ 51 എ വകുപ്പ് പ്രകാരം കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെ, ഗുര്‍പത്‌വന്ത് സിങ്, പരംജിത്ത് സിങ് (ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍), ഹര്‍ദീപ് സിങ് നിജ്ജാര്‍ (ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്), ഗുര്‍മിത് സിങ് ബഗ്ഗ, രഞ്ജീത് സിങ് (ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്) അടക്കം എട്ടു പേരെ ആഭ്യന്തര മന്ത്രാലയം ഭീകരവാദികളായും പ്രഖ്യാപിച്ചു. ഇതിൽ ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയിലെ ഗുരുദ്വാരയിൽവെച്ച് കൊലപ്പെടുത്തി.
ഖലിസ്ഥാന്‍ വാദം ഉയർത്തി ‘സിങ് റഫറണ്ടം 2020’ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നടത്തിയിരുന്നു.