വാഷിങ്ടൺ: വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. വോട്ടിങ് യന്ത്രത്തിന് പകരം യു.എസ് തെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് മസ്ക് ആവശ്യപ്പെട്ടു. ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് ന്യൂസ് സ്റ്റോറികൾ പങ്കുവെച്ചായിരുന്നു മസ്കിന്റെ പോസ്റ്റ്.മെയിൽ-ഇൻ, ഡ്രോപ്പ് ബോക്‌സ് ബാലറ്റുകൾ അനുവദിക്കരുതെന്നും പേഴ്സണൽ വോട്ടിങ് സ്റ്റേഷനുകളാണ് വേണ്ടതെന്നും മസ്ക് പറഞ്ഞിട്ടുണ്ട്. നേരത്തെയും വോട്ടിങ് യന്ത്രങ്ങൾക്കെതിരെ മസ്ക് വിമർശനം ഉന്നയിച്ചിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് നേരത്തെയും മസ്ക് ആവശ്യപ്പെട്ടിരുന്നു. ഇ.വി.എം മനുഷ്യരോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പോർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ച് മസ്ക് എക്സിൽ കുറിക്കുകയായിരുന്നു.
മുൻ യു.എസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരുമകനായ റോബർട്ട് എഫ്.കെന്നഡിയുടെ പോസ്റ്റാണ് മസ്ക് അന്ന് പങ്കുവെച്ചത്. അസോസിയേറ്റ് പ്രസ് പറയുന്നതനുസരിച്ച് പ്യൂർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നു. അവിടെ ബാലറ്റ് പേപ്പറുകൾ കൂടി ഉണ്ടായിരുന്നതിനാൽ പ്രശ്നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. ഇത്തരം സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ എന്ത് ചെയ്യും. അതുകൊണ്ട് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന് റോബർട്ട് എഫ്.കെന്നഡി ആവശ്യപ്പെട്ടിരുന്നു.