വഡോദര: ഗുജറാത്തിലെ ഗോധ്രയിലെ ഒരു പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ ഒഡീഷ, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി നീറ്റ്-യു.ജി ഉദ്യോഗാർഥികളോട് പരീക്ഷ എഴുതാനുള്ള മാധ്യമമായി ഗുജറാത്തി ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പരീക്ഷ നടത്തിപ്പിന്റെ ഭാഗമായ ഗുജറാത്തികൾക്ക് അപേക്ഷകരുടെ ഉത്തരക്കടലാസുകൾ പൂരിപ്പിക്കാൻ വേണ്ടിയാണിതെന്ന് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സി.ബി.ഐ ഗുജറാത്ത് കോടതിയെ അറിയിച്ചു.
ഈ അപേക്ഷകരോട് തങ്ങളുടെ സ്ഥിരം മേൽവിലാസം പഞ്ച്മഹൽ അല്ലെങ്കിൽ വഡോദര എന്ന് കാണിക്കാൻ പറഞ്ഞതായും സി.ബി.ഐയുടെ അന്വേഷണത്തിൽ വ്യക്തമായി. ക്രമക്കേട് നടന്ന രണ്ട് പരീക്ഷ കേന്ദ്രങ്ങളുടെയും നിയന്ത്രണം ഒരേ വ്യക്തികൾക്കാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഈ ഉദ്യോഗാർഥികളെ പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും സി.ബി.ഐ വ്യക്തമാക്കി.
മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയുടെ കേന്ദ്രങ്ങളിലൊന്നായ ഗോധ്രയിലെ ജയ് ജലറാം സ്കൂൾ ഉടമ ദീക്ഷിത് പട്ടേൽ ഉൾപ്പെടെ ആറ് പ്രതികളിൽ അഞ്ച് പേരെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ജൂൺ 30നാണ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷ വിജയിക്കാൻ വിദ്യാർഥികളിൽ നിന്ന് ഇയാൾ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.