ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർത്തിയ കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ‘റോക്കി’ എന്നറിയപ്പെടുന്ന രാകേഷ് രഞ്ജൻ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിന് പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട കൊൽക്കത്തിയിലേയും പാട്നയിലെയും വിവിധ കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി.
പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തൽ കേസിലെ മറ്റൊരു ആരോപണവിധേയനായ സഞ്ജീവ് മുഖ്യയുടെ അനന്തരവനാണ് രാകേഷ് രഞ്ജൻ. ഝാർഖണ്ഡിലെ റാഞ്ചിയിൽ ഒരു ഹോട്ടൽ നടത്തിപ്പാണ് ഇയാളുടെ ജോലി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലെ ആദ്യ കണ്ണിയാണ് രാകേഷ് രഞ്ജനെന്നാണ് സി.ബി.ഐ നിഗമനം. ചോർന്നുകിട്ടിയ ചോദ്യപ്പേപ്പർ ഇയാൾ ചിണ്ടു എന്നയാൾക്ക് കൈമാറി. ഇയാളാണ് ചോദ്യപ്പേപ്പറും ഉത്തരങ്ങളും പിന്നീട് കൂടുതൽ കണ്ണികളിലേക്ക് കൈമാറുന്നത്. ചോദ്യപ്പേപ്പർ ആവശ്യക്കാരിലെത്തിക്കാൻ സോൾവേഴ്സ് സംഘത്തെ നിയോഗിച്ചതും റോക്കി എന്ന രാകേഷ് രഞ്ജനാണ്. പാട്നയിലെയും റാഞ്ചിയിലെയും നിരവധി എം.ബി.ബി.എസ് വിദ്യാർഥികളെ ഇയാൾ ഇതിന്‍റെ ഭാഗമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഝാർഖണ്ഡിലെ ഹസാരിബാഗാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി സി.ബി.ഐ കണക്കാക്കുന്നത്. ഇവിടെ നിന്ന് ബിഹാറിലേക്കും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഒമ്പത് സെറ്റ് ചോദ്യപ്പേപ്പർ ഹസാരിബാഗിലെ എസ്.ബി.ഐ ബ്രാഞ്ചിൽ സൂക്ഷിക്കാനായി പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് എത്തിച്ചിരുന്നു. ഇവിടെ നിന്ന് രണ്ട് സെറ്റ് ചോദ്യപ്പേപ്പർ ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രമായ ഒയാസിസ് സ്കൂളിലെത്തിച്ചു. ഈ ചോദ്യപ്പേപ്പറുകളിലെ സീലുകൾ സ്കൂളിലെത്തുന്നതിന് മുന്നേ പൊട്ടിച്ചിരുന്നു.
സീലുകൾ പൊട്ടിച്ചത് റോക്കിയുടെ സാന്നിധ്യത്തിലാണെന്നാണ് കണ്ടെത്തൽ. ഇയാൾ ചോദ്യപ്പേപ്പർ മൊബൈലിൽ ഫോട്ടോയെടുക്കുകയും സോൾവർ ഗ്യാങ്ങിന് കൈമാറുകയുമായിരുന്നു. ഇതാണ് ലക്ഷങ്ങൾ വിലയിട്ട് നീറ്റ് പരീക്ഷാർഥികൾക്ക് നൽകിയത്.
നീറ്റ് ചോദ്യപ്പേപ്പർ ചോർന്ന കേസിൽ 10ലേറെ പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. ഹസാരിബാഗിലെ ഒരു സ്കൂളിലെ പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ജൂലൈ ഒമ്പതിന് ബിഹാറിൽ രണ്ടു പേർ കൂടി നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരിൽ ഒരാൾ വിദ്യാർഥിയും രണ്ടാമത്തെയാൾ മറ്റൊരു വിദ്യാർഥിയുടെ പിതാവുമാണ്. ബിഹാറിലെ നളന്ദ, ദയ ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അതേസമയം, നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജൂലൈ 18ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വസ്തുത നിഷേധിക്കാനാവില്ലെന്നും പരീക്ഷയിൽ വീഴ്ചയുണ്ടായെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. ചോർച്ച വിപുലമായ തോതിലാണെങ്കിൽ പുനഃപരീക്ഷ വേണ്ടിവരുമെന്നും പരിമിതമാണെങ്കിൽ നടത്തേണ്ടതില്ലെന്നുമാണ് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചത്.
എന്നാൽ, നീറ്റ് – യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നുമാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ആവർത്തിച്ചത്. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാർക്ക് നൽകിയതിനാലാണ്. എന്നാൽ ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവർക്ക് മുഴുവൻ മാർക്കും നേടാനായില്ല. ഇതോടെ 720ൽ 720 മാർക്കും നേടിയവരുടെ എണ്ണം 67ൽനിന്ന് 61 ആയി കുറഞ്ഞെന്നും എൻ.ടി.എ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.