റാമല്ല: വെസ്റ്റ് ബാങ്കിൽ 14 വയസ്സുള്ള ഫലസ്തീൻ ബാലനെ ഇസ്രായേൽ അധിനിവേശ സൈന്യം വെടിവെച്ചു കൊന്നു. അലി ഹസൻ അലി റബായ എന്ന കുട്ടിയെയാണ് ഫലസ്തീൻ ഗ്രാമമായ മൈതാലൂനിനടുത്ത് െവച്ച് കൊലപ്പെടുത്തിയത്. കവചിത സൈനിക വാഹനത്തിലെത്തിയ ഇസ്രായേൽ സേന 20 മീറ്റർ അടുത്ത് നിന്നാണ് അലിക്ക് നേരെ വെടിയുതിർത്തതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇൻ്റർനാഷണലിന്റെ ഫലസ്തീൻ ഘടകം (ഡി.സി.ഐ.പി) അറിയിച്ചു. കക്ഷത്തിൽ വെടിയേറ്റ കുട്ടി മൂന്ന് മീറ്ററോളം ഓടിയ ശേഷം പിടഞ്ഞുവീഴുകയായിരുന്നു. തുടർന്നും നിരവധി റൗണ്ട് വെടിയുതിർത്തു. ഒപ്പമുണ്ടായിരുന്ന 13 കാരനടക്കം അഞ്ചുപേർക്ക് നെഞ്ചിലും കാലുകൾക്കും ഗുരുതര പരിക്കേറ്റു.
അലി ഹസൻ അലി റബായ മരണവെപ്രാളത്തിൽ പിടക്കുമ്പോഴും ഇസ്രായേൽ സേന അഞ്ച്മിനിട്ടോളം വെടിവെപ്പ് തുടർന്നു. സൈനിക വാഹനങ്ങൾ പിൻമാറിയ ശേഷമാണ് കുട്ടിയെ പരിസരവാസികൾക്ക് ആശുപത്രിയിലേക്ക് എത്തിക്കാനായത്. തുബാസിലെ തുർക്കി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് 5:35 ഓടെ മരണം സ്ഥിരീകരിച്ചു.
‘കുട്ടികൾക്ക് നേരെ രണ്ടാമതൊന്ന് ചിന്തിക്കുക കൂടി ചെയ്യാതെയാണ് ഇസ്രായേൽ സേന വെടിയുതിർത്തത്. 14 വയസ്സുള്ള അലിയെ കൊല്ലുകയും മറ്റ് അഞ്ച് ഫലസ്തീൻ കുട്ടികളെ പരിക്കേൽപ്പിക്കുകയും ചെയ്തു’ -ഡി.സി.ഐ.പി അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടർ അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു. “ഫലസ്തീനി കുട്ടികൾക്ക് നേരെ എന്ത് അതിക്രമം പ്രവർത്തിച്ചാലും ഒരുകുഴപ്പവുമില്ല എന്ന മനോഭാവമാണ് ഇതിന് കാരണം. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ വ്യവസ്ഥിതിയാണ് വെടിവെച്ച് കൊല്ലാൻ ഇസ്രായേൽ സേനക്ക് ധൈര്യം നൽകുന്നത്. ഇതിന് ഉത്തരവാദികളായ ഇസ്രായേൽ അധികാരികൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സ യുദ്ധം ആരംഭിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം ഇതിനകം 138 ഫലസ്തീൻ കുട്ടികളെയാണ് ഇസ്രായേൽ സൈന്യം കൊല്ലപ്പെടുത്തിയത്. 2023ൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയും കുടിയേറ്റക്കാരും ചേർന്ന് 121 ഫലസ്തീൻ കുട്ടികളെ കൊന്നൊടുക്കിയതായയും ഡിസിഐപി റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്‌ട്ര നിയമപ്രകാരം ജീവന് ഭീഷണിയോ ഗുരുതരമായ പരിക്കോ സൃഷളടിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ കുട്ടികൾക്കെതിരായ ബലപ്രയോഗം നടത്താൻ പാടുള്ളൂ. എന്നാൽ, ഇസ്രയേലി സൈന്യം ഫലസ്തീൻ കുട്ടികൾക്കെതിരെ അകാരണമായി നിരന്തരം കൊലപാതകവും ആക്രമണവും അഴിച്ചുവിടുകയാണെന്ന് ഡിസിഐപി അറിയിച്ചു.