ന്യൂഡൽഹി: വീരമൃത്യ വരിച്ച ജവാന്റെ ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും സർക്കാൻ നൽകുന്ന സഹായ തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കൾ. സൈനികബഹുമതികളുടെ ഒരു പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരെ ഇരുവരും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചു. മകന് ലഭിച്ച സൈനിക ബഹുമതികളും ഫോട്ടോ ആൽബങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാ ഓർമകളും സ്മൃതി പഞ്ചാബിലെ ഗുർദാസ്പുരിലെ വീട്ടിലേക്ക് മാറ്റിയെന്നായിരുന്നു ആരോപണം. ചുമരില്‍ തൂക്കിയിരിക്കുന്ന അന്‍ഷുമാന്‍റെ ചിത്രം മാത്രമേ തങ്ങളുടെ പക്കലുള്ളൂവെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ മാതാപിതാക്കള്‍ പറഞ്ഞു.
മകന്റെ മകന് ലഭിച്ച കീർത്തി ചക്ര പുരസ്കാരത്തിൽ ഒന്ന് തൊടാൻ പോലും സാധിച്ചില്ലെന്നും അമ്മ മജ്ഞു പറഞ്ഞു. മകന്റെ ഔദ്യോഗിക വിലാസം ലഖ്നോവിൽ നിന്ന് ഗുർദാസ്പുരിലേക്ക് സ്മൃതി മാറ്റിയതായും അൻഷുമാന്റെ പിതാവ് രവി പ്രതാപ് സിങ് ആരോപിച്ചു. മരുമകൾ സ്മൃതി തങ്ങൾക്കൊപ്പമല്ല താമസിക്കുന്നതെന്നും മകന്‍റെ മരണശേഷം ഭൂരിഭാഗം ആനുകൂല്യങ്ങളും ലഭിച്ചതും മരുമകള്‍ക്കാണെന്നും രവി പ്രതാപ് സിങ് പറഞ്ഞു.
സിയാച്ചിനിലെ ആര്‍മി മെഡിക്കല്‍ ഓഫിസറായിരുന്നു അന്‍ഷുമാന്‍ സിങ് കഴിഞ്ഞ വര്‍ഷം ജൂലൈ 19നാണ് മരിച്ചത്. തീപിടിത്തത്തില്‍ ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷപ്പെടുത്തുന്നതിനിടെ അദ്ദേഹത്തിന് പൊള്ളലേൽക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അൻഷുമാൻ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പഞ്ചാബ് റെജിമെന്റിലെ 26ാം ബറ്റാലിയൻ മെഡിക്കൽ വിഭാഗത്തിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.