ദില്ലി : ഡല്‍ഹി മുഖ്യമന്ത്രിക്ക് ഖാലിസ്ഥാനികളുമായി അടുത്ത ബന്ധമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുണ്ടായ ഭയമാണ് ഇപ്പോള്‍ തീവ്രവാദ ബന്ധമെന്ന ആരോപണമായി പുറത്തുവരുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.
തനിക്കെതിരായി പ്രതിപക്ഷത്തെ എല്ലാ നേതാക്കളും ഒന്നിക്കുന്നതില്‍ അത്ഭുതമില്ലെന്നും അവരുടെ ഭാഷ പോലും സമാനമാണെന്നും കെജ്രിവാള്‍ പറഞ്ഞു. താന്‍ പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്രിവാള്‍ പറഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തിയത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. ഖാലിസ്ഥാന്‍ വാദികളുമായി കെജ്രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഡല്‍ഹി മുഖ്യമന്ത്രിയായ തനിക്ക് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ ഇത്രകാലമായിട്ടും എന്തുകൊണ്ട് ഇക്കാര്യം കണ്ടെത്തിയില്ലെന്ന് കെജ്രിവാള്‍ ചോദിച്ചു. ഈ ആരോപണങ്ങളെല്ലാം നല്ല തമാശകളാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. രാജ്യത്തെ രണ്ടായി പിളര്‍ത്തി മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രിഹിക്കുന്നുവെന്നതാണ് ആരോപണം. ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികളെയാണ് പരിഹസിക്കുന്നതെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു. കുമാര്‍ ബിശ്വാസിന്റെ ആരോപണങ്ങളെ ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി തള്ളിയിരുന്നു.