ദില്ലി:പരീസ് ഒളിംപിക്സ് ഗുസ്തിയില്‍ ചരിത്രനേട്ടവുമായി ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. പാരീസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരു ഘട്ടത്തില്‍ വിനേഷ് ഫോഗട്ട് മോദിയ്ക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചയാളാണ്. എന്നിട്ടും അവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുകയും ഏറ്റവും മികച്ച പരിശീലന സൗകര്യങ്ങളൊരുക്കുകയും പരിശീലകരെ നല്‍കുകയും ചെയ്തു. അതാണ് ജനാധിപത്യത്തിന്‍റെയും മഹാനായ നേതാവിന്‍റെയും വിജയമെന്നായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്. നേരത്തെ യുക്രൈനിന്‍റെ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. ഇന്ന് തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്.
കഴിഞ്ഞ വര്‍ഷം ദില്ലി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ്‍ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്നു വിനേഷിന്‍റെ വിജയം പാരീസില്‍ രാജ്യത്തിന്‍റെ അഭിമാനമുഖമായും മാറുകയാണ്.