വടകര: മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ പോലീസും എക്സൈസും സംയുക്ത പരിശോധന തുടങ്ങി. ക്രിസ്മസ് – ന്യൂ ഇയർ സ്പെഷൽ ഡ്രൈവ് എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ പോലീസ് ഡോഗ് സ്ക്വാഡും പങ്കാളികളായി. അഴിയൂർ ദേശീയപാതയിൽ ഡോഗ് സ്ക്വാഡ് വാഹനങ്ങൾ പരിശോധിച്ചു. ആഘോഷ കാലങ്ങളിൽ മാഹിയിൽ നിന്നും സംസ്ഥാനത്തേക്ക് വിദേശ മദ്യക്കടത്ത് പതിവാണ്. ഊടു വഴികളും മറ്റും ഉപയോഗപ്പെടുത്തിയാണ് മദ്യക്കടത്ത്. ഇവിടങ്ങളിൽ നിന്നും മദ്യം കടത്താൻ പ്രത്യേകം ഏജൻറുമാരും അകമ്പടി വാഹനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വടകര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അൻസാരി, റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.പി. വേണു, കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ, ചെക്ക്പോസ്റ്റ് എക്സൈസ്, റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡ് പോലീസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.