കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ ആശങ്കയാണ് നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന് ജലം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായതിനാല്‍ ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാമിനു പകരം പുതിയ ഡാം നിര്‍മിക്കണമെന്നാണ് സര്‍ക്കാറിന്‍റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്ന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന് പറഞ്ഞിരുന്നു. സുപ്രീംകോടതിയെ അവഹേളിക്കുകയല്ല കേരളം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിന്‍റെ ആവശ്യമില്ല.
പുതിയ ഡാം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരത്തേ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ നയം തന്നെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.