കൊച്ചി: ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്ത വ്യക്തിയായിരുന്നു മരണപ്പെട്ട ട്വന്റി20 പ്രവർത്തകൻ സി.കെ.ദീപുവെന്നു കിറ്റെക്സ് എംഡി സാബു ജേക്കബ്. രണ്ടു മാസത്തിനുശേഷം വിവാഹം നടക്കാനിരിക്കെയാണ് സിപിഎം മർദിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാലാണ് വിവാഹം വൈകിയത്. പെൺകുട്ടിയെ കണ്ടുവച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം നടക്കുമെന്നാണ് എന്നെ കണ്ടപ്പോൾ പറഞ്ഞത്.
സാമ്പത്തികമായി പ്രശ്നങ്ങൾ ഉള്ള കുടുംബമാണ്. അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതാണ്. ട്വന്റി 20യുടെ ഏരിയ സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്നു ദീപു. ഒരാളോടും എതിർത്ത് ഒരു വാക്കുപോലും പറയാത്ത ആളാണ്. അത്ര പാവമായ ഒരാളെയാണ് അവർ ഇല്ലാതാക്കയിത്. പാവമായതുകൊണ്ടാണ് അവർ ഇതു ചെയ്തത്.മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായം ചെയ്യാൻ ദീപുവിന് പ്രത്യേക മനസ്സായിരുന്നു. രണ്ടാഴ്ച മുൻപു വിവാഹത്തിനു സഹായിക്കണമെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വന്നിരുന്നു. അന്നു ഞാൻ സഹായം ചെയ്തു നൽകി. ഇങ്ങനെ ഒരുപാടു കാര്യങ്ങൾ ആളുകൾക്കു വേണ്ടി ദീപു ചെയ്തിരുന്നു.
ഒളിഞ്ഞിരുന്നാണ് ദീപുവിനെ ആക്രമിച്ചതെന്ന് അച്ഛനും പറയുന്നുണ്ട്. അതിനു മുൻപ് എംഎൽഎ ഇതേ സ്ഥലത്തു വന്നു യോഗം കൂടിയിരുന്നു. ചായക്കടയിൽ എല്ലാവരും കൂടി കൂടിയതാണ്. സംഭവ സമയത്ത് എംഎൽഎ അടുത്ത വീട്ടിലുണ്ടായിരുന്നു എന്നും അറിയുന്നു. ആരെയെങ്കിലും ഒരാളെ വകവരുത്തണം, എന്നാലേ ഒതുങ്ങൂ എന്ന പ്ലാനിങ് നടന്നിട്ടുണ്ട്. അതിന്റെ ബാക്കിയായാണ് ഇതു സംഭവിച്ചതെന്നും സാബു ആരോപിച്ചു.