ചെങ്ങന്നൂർ : എം.സി.റോഡിനു സമീപം കല്ലിശ്ശേരിയിൽ തട്ടുകട പ്രവർത്തിച്ചിരുന്ന വാഹനം കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ കടക്കാരൻ അറസ്റ്റിൽ. അങ്ങാടിക്കൽ മുല്ലേത്ത് സതീഷ് ജോർജിന്റെ ഉടമസ്ഥതയിൽ ട്രാവലർ വാഹനത്തിൽ പ്രവർത്തിക്കുന്ന തട്ടുകടയാണു കത്തിനശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം കാരമൂട് പുത്തൻവിളയിൽ ഷുക്കൂറാ(45)ണ് അറസ്റ്റിലായത്. ഇയാൾ തട്ടുകടയ്ക്കു സമീപം പഴക്കട നടത്തുന്ന വ്യക്തിയാണ്. വ്യാഴാഴ്ച രാത്രി 11.30-ഓടെ സതീഷ് കച്ചവടം അവസാനിപ്പിച്ചു മടങ്ങി. വീട്ടിലെത്തിയശേഷം കല്ലിശ്ശേരിയിലെ സുഹൃത്ത് ഫോണിൽ വിളിച്ചുപറയുമ്പോഴാണു വിവരമറിയുന്നത്. വാഹനത്തിലെ സൗരോർജപാനലും ബാറ്ററികളും നശിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സമീപത്തായി മാലിന്യത്തിനു തീയിട്ടപ്പോൾ വാഹനത്തിലേക്കു തീപടർന്നതായാണ് ഷുക്കൂർ മൊഴിനൽകിയിരിക്കുന്നതെന്നു ചെങ്ങന്നൂർ പോലീസ് പറഞ്ഞു.