നെല്ലായി : മുപ്പതുലക്ഷം രൂപയുടെ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി ബൈക്ക് യാത്രക്കാരായ രണ്ടുപേർ പിടിയിൽ. തൃശ്ശൂർ ചിയ്യാരം സ്വദേശികളായ കോട്ടയിൽ വീട്ടിൽ അനുഗ്രഹ് (21), കുണ്ടോളി വീട്ടിൽ അമൽ (25) എന്നിവരാണ് കൊടകര പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. പിടിയിലായവരിൽ അമൽ ഒല്ലൂരിൽ ബൈക്കഭ്യാസം നടത്തി ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തിന് പരിക്കേറ്റതോടെ നാട്ടുകാരുമായി സംഘർഷമുണ്ടായ സംഭവത്തിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. അറുപത് കുപ്പികളിലായി മുന്നൂറ് ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരുടെ കൈവശം കണ്ടെത്തിയത്. വെള്ളിയാഴ്ച ദേശീയപാതയിൽ നെല്ലായിക്കടുത്ത് തൂപ്പങ്കാവിൽ പോലീസ് വാഹനപരിശോധന നടത്തുന്നതു കണ്ട് തിരിച്ചുപോകാൻ ശ്രമിച്ച ബൈക്കിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ഇവരുടെ ബൈക്കും പിടിച്ചെടുത്തു.
ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊടകര സബ് ഇൻസ്പെക്ടർ ജെ. ജെയ്സൺ, ജൂനിയർ സബ് ഇൻസ്പെക്ടർ എം. അനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റെജിമോൻ, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. ബാബു, സീനിയർ സി.പി.ഒ.മാരായ എം.എസ്. ബൈജു, ഷാജു ചാതേലി, ആന്റണി, ലിജോൺ, കെ.ജി. ബൈജു, അനീഷ് പനയപ്പിള്ളി, സിവിൽ പോലീസ് ഓഫീസർ സ്മിത്ത് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
കൊടകര ടൗൺ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേയുടെ നിർദേശപ്രകാരം ടൗണിലും പരിസരത്തും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊടകര കേന്ദ്രീകരിച്ച് 600 കിലോയിലധികം കഞ്ചാവ്, പത്തുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവ അടുത്തകാലത്ത് പിടികൂടിയിരുന്നു.