ഇടുക്കി : ഇടുക്കി പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞു. പരിശോധനയ്ക്ക് എത്തിയവരെ തടഞ്ഞത് രജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റും ജീവനക്കാരുമാണ്. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്നാണ് ബാങ്ക് പ്രസിഡന്‍റ് പറഞ്ഞത്.
പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കർ ഭൂമിയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടത്തിന് നൽകിയത്. രണ്ടു സർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
രാജാക്കാട് വില്ലേജിൽ റീ സർവേ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം വീണ്ടും വിവാദമായതിനെ തുർന്നാണ് പരിശോധന നടത്താൻ സർവേ വകുപ്പിനോട് ഉടുമ്പൻചോല തഹസിൽദാർ നിർദ്ദേശിച്ചത്. എന്നാൽ സർവേ നടപടികൾ പൂർത്തിയാക്കാതെ ഉദ്യോഗസ്ഥർ തിരിച്ചുപോയി. ഇടുക്കിയിൽ മാത്രം മൂന്നാർ, പൊന്മുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ചെങ്കുളം എന്നിങ്ങനെ പത്തു സ്ഥലങ്ങളിലാണ് കെഎസ്ഇബി ഭൂമി പാട്ടത്തിനു നൽകിയത്. എന്നാൽ ഇതിൽ രണ്ടെണ്ണത്തിനു മാത്രമാണ് സർക്കാരിന്‍റെയും കെഎസിഇബിയുടെയും അനുമതിയുള്ളത്.