തിരുവനന്തപുരം : വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 6,660രൂപയും രണ്ട് കുപ്പി വിദേശ മദ്യവും പിടികൂടി. വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി അജയകുമാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ആധാരമെഴുത്തുകാരില്‍ നിന്നും രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരില്‍ നിന്നും ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. വൈകിട്ട് 4.50ന് നാരംഭിച്ച പരിശോധന രാത്രി 11 വരെ നീണ്ടു. ഓഫീസ് സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള പരിശോധനയായതിനാല്‍ ഉച്ചയ്ക്ക് ശേഷം ലഭിച്ച പണം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്നാണ് വിജിലന്‍സിന്റെ കണക്കൂകൂട്ടല്‍.
സത്യവാങ്മൂലത്തില്‍ കൈവശമുണ്ടെന്ന് പറഞ്ഞതിലും കൂടുതല്‍ പണമാണ് ചില ജീവനക്കാരില്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ വൈകിട്ടത്തെ പതിവ് ആഘോഷത്തിനായി തകരപ്പറമ്പിലെ ബെവ്‌കോ ഔട്ട്ലറ്റില്‍ നിന്നാണ് മദ്യം വാങ്ങിയത്. അതാണ് വിജിലന്‍സ് കണ്ടെടുത്തത്. ചട്ടങ്ങള്‍ ലംഘിച്ച് ഏജന്റുമാര്‍ ഓഫീസില്‍ കയറിയിറങ്ങുന്നതും സേവന ഫീസ് വിവരങ്ങള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാതെ കൂടുതല്‍ പണം പിരിച്ച് ഉദ്യോഗസ്ഥരും ഏജന്റുമാരും വീതം വെയ്ക്കുന്നതായും കണ്ടെത്തി.
ഓഫീസ് ചുമതലയുള്ള ജീവനക്കാരി മുമ്പും പണം തിരിമറി സംബന്ധിച്ച് അന്വേഷണം നേരിട്ടയാളാണെന്ന് ഡിവൈ.എസ്.പി അജയകുമാര്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കാനായി ജീവനക്കാരുടെ സര്‍വീസ് വിവരങ്ങള്‍ ശേഖരിക്കും. മാസങ്ങളായി കളക്ടറേറ്റിലെ കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയിലാണ് സബ് രജിസ്ട്രാര്‍. ഇന്‍ചാര്‍ജുണ്ടായിരുന്ന സൂപ്രണ്ടും കൂട്ടാളികളുമാണ് ഓഫീസിനെ അഴിമതിക്കയമാക്കിയത്.