സൌത്ത് കരോലിന: അവശനിലയിൽ ആശുപത്രിയിലെത്തിച്ച യുവാവ് പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞത് ഏറെ വൈകിയ ശേഷം. സംശയം തോന്നിയ അധികൃതർ യുവാവിന്റെ വീട് പരിശോധിച്ചപ്പോൾ കണ്ടത് മുറി നിറയെ പാമ്പുകൾ. സൌത്ത് കരോലിനയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കാലിന് മുറിവേറ്റ് യുവാവ് ചികിത്സ തേടിയെത്തിയത്. ആശുപത്രിയിലെത്തിയ യുവാവ് എങ്ങനെയാണ് മുറിവുണ്ടായതെന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ പറഞ്ഞില്ല.
പക്ഷേ അവശനായതിന് പിന്നാലെയാണ് പാമ്പ് കടിയേറ്റാണ് അപകടമുണ്ടായതെന്ന് ഇയാൾ വിശദമാക്കിയത്. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ യുവാവിന്റെ വീട്ടിലെത്തിയ പൊലീസുകാരെ കാത്തിരുന്നത് ഒരു മുറി നിറയെ പാമ്പുകൾ ആയിരുന്നു. പാമ്പുകൾ അതിക്രമിച്ച് കയറിയതാണോയെന്ന സംശയത്തിൽ അന്വേഷണം വിശദമാക്കിയതോടെയാണ് പാമ്പുകൾ പുറത്ത് നിന്ന് അതിക്രമിച്ച് കയറിയതല്ലെന്ന് വിശദമായത്. അനധികൃതമായി യുവാവ് വളർത്തിയിരുന്ന വിഷ പാമ്പുകളാണ് യുവാവിനെ ആക്രമിച്ചത്.
ജനവാസമേഖലയിലെ മറ്റ് വീടുകൾക്ക് അടക്കം അപകട ഭീതിയുയർത്തിയ ഒരു ഡസനിലേറെ വിഷ പാമ്പുകളാണ് ഈ വീട്ടിൽ നിന്ന് നീക്കം ചെയ്തത്. ഇവയെ അനിമൽ കൺട്രോളിൽ നിന്നുള്ള ജീവനക്കാരെത്തിയാണ് പിടികൂടിയത്. ഓമനിച്ച് വളർത്തിയ വിഷ പാമ്പുകളുടെ കടിയേറ്റ യുവാവ് ഇനിയും ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഇയാൾക്കെതിരെ വിഷജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.