മുംബൈ : വ്യാജരേഖകൾ ചമച്ച് ബാർ ലൈസൻസ് നേടിയെന്ന പരാതിയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്കെതിരേ പോലീസ് കേസെടുത്തു. എക്സൈസ് വകുപ്പിന്റെ പരാതിയിൽ താണെ കോപ്രി പോലീസാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വാംഖഡെയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. എൻ.സി.ബി. സോണൽ ഡയറക്ടറായിരുന്ന സമീർ വാംഖഡെയ്ക്ക് നിയമപ്രകാരം ഇത്തരം കരാറുകളിൽ ഏർപ്പെടാനുള്ള പ്രായമായിരുന്നില്ലെന്നും എന്നാൽ സദ്ഗുരു ഹോട്ടലിന് വേണ്ടിയുള്ള കരാറിൽ അദ്ദേഹം പ്രായപൂർത്തിയായെന്ന് അവകാശപ്പെട്ടിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നു.
മന്ത്രിയും എൻ.സി.പി. നേതാവുമായ നവാബ് മാലിക്കാണ് സമീർ വാംഖഡെയുടെ പേരിൽ 17-ാം വയസ്സിൽ ബാർ ലൈസൻസ് നേടിയിട്ടുണ്ടെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്. നവി മുംബൈയിലെ ഹോട്ടൽ സദ്ഗുരുവിലെ ബാറിനാണ് 17-ാം വയസ്സിൽ സമീർ വാംഖഡെയുടെ പേരിൽ ലൈസൻസ് അനുവദിച്ചത്. സംഭവം വിവാദമായതോടെ എക്സൈസ് അന്വേഷണം നടത്തുകയും പ്രായപൂർത്തിയാകുന്നതിന് മുമ്പേയാണ് വാംഖഡെയ്ക്ക് ലൈസൻസ് കിട്ടിയതെന്ന് കണ്ടെത്തുകയുമായിരുന്നു. 1997 ഒക്ടോബർ 27-ന് സമീർ വാംഖഡെയുടെ പേരിൽ ബാർ ലൈസൻസ് അനുവദിച്ചപ്പോൾ അദ്ദേഹത്തിന് 17 വയസ്സായിരുന്നു പ്രായമെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് സമീർ വാംഖഡെയ്്ക്കെതിരേ തുടർനടപടികളിലേക്ക് കടന്നത്. ക്രമക്കേട് കാണിച്ചാണ് ലൈസൻസ് നേടിയതെന്ന് കണ്ടെത്തിയതോടെ ബാർ ലൈസൻസ് റദ്ദാക്കാൻ താണെ കളക്ടറും ഉത്തരവിട്ടിരുന്നു.