ദില്ലി: മൂന്നാം മോദി സർക്കാർ അധികാരത്തിലേറി 100 ദിനങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ റിപ്പോർട്ട് കാർഡ് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എൻഡിഎ സർക്കാർ ആദ്യ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായി രാജ്യം രാഷ്ട്രീയ സ്ഥിരതയ്ക്കും നട്ടെല്ലുള്ള വിദേശ നയത്തിനും സാക്ഷ്യം വഹിക്കുകയാണ്. ആദ്യത്തെ 10 വർഷം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയതിന്റെ ഫലമായാണ് മൂന്നാം തവണയും അധികാരത്തിലേറാൻ ബിജെപിയ്ക്കും സഖ്യകക്ഷികൾക്കും സാധിച്ചതെന്ന് അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
3 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സർക്കാർ നീക്കിവച്ചിട്ടുണ്ട്. 49,000 കോടി രൂപ ചെലവിൽ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഇതിലെ പ്രധാന പദ്ധതി. രാജ്യത്തുടനീളമുള്ള പ്രധാന റോഡുകളുടെ വികസനം, തുറമുഖ നിർമ്മാണം, യുവാക്കൾക്കായി പാക്കേജ്, മെട്രോ, വിമാനത്താവളങ്ങൾ, എയർ-മെട്രോ കണക്റ്റിവിറ്റി, വീടുകളുടെ നിർമ്മാണം, കിസാൻ സമ്മാൻ യോജന തുടങ്ങി സമഗ്രമായ റിപ്പോർട്ട് കാർഡാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്.
50,600 കോടി രൂപ ചെലവിൽ രാജ്യത്തുടനീളമുള്ള പ്രധാന റോഡുകൾ വികസിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതായി അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 76,000 കോടി രൂപ ചെലവിൽ മഹാരാഷ്ട്രയിലെ വാധ്‌വാനിൽ ഒരു മെഗാ തുറമുഖം നിർമിക്കും. ഈ തുറമുഖത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി മാറ്റും. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 സൈബർ കമാൻഡോകളെ വിന്യസിക്കും, യുവാക്കൾക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം കോടി രൂപയുടെ പാക്കേജിലൂടെ അഞ്ച് വർഷത്തിനുള്ളിൽ 4.10 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കാർഷിക മേഖലയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ 17-ാം ഗഡുവായി 9.5 കോടി കർഷകർക്ക് സർക്കാർ 20,000 കോടി രൂപ വിതരണം ചെയ്തതായി അമിത് ഷാ വ്യക്തമാക്കി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം, പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളം, ബിഹാറിലെ ബിഹ്ത വിമാനത്താവളം എന്നിവ നവീകരിക്കും. ബെംഗളൂരു മെട്രോ, പൂനെ മെട്രോ, താനെ ഇൻ്റഗ്രേറ്റഡ് റിംഗ് മെട്രോ എന്നീ പദ്ധതികൾ ഏറ്റെടുത്തെന്നും 2024 ജൂൺ മുതൽ ഓഗസ്‌റ്റ് വരെ 2.5 ലക്ഷം വീടുകളിൽ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാൻ സഹായം നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.