ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കൊലപാതകം, പണം തട്ടൽ, കഞ്ചാവ് കടത്ത് അടക്കം 50 ലേറെ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജിയാണ് ഇന്നലെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വ്യാസർപാഡി ജീവ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു പൊലീസ് ഏറ്റമുട്ടൽ നടന്നത്. ബുധനാഴ്ചയോടെയാണ് പൊലീസ് സംഘം കൊടും ക്രിമിനലായ കാക്കത്തോപ്പ് ബാലാജിയെ കണ്ടെത്തിയത്. മണ്ണടിക്ക് സമീപമുള്ള കാക്കത്തോപ്പ് സ്വദേശിയായ ബാലാജിക്ക് 40 വയസാണ് പ്രായം.
കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് അറസ്റ്റ് ചെയാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ബാലാജി വെടിവച്ചതോടെ തിരിച്ച് വെടി വയ്ക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റ ഇയാളെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ എന്നൂരിൽ ജെയിംസ്, കാമരാജ് എന്നിവരെ കൊല ചെയ്ത കേസിലെ പ്രതി കൂടിയാണ് ബാലാജി. ഇയാളുടെ കൂട്ടാളിയായ നാഗേന്ദ്രൻ ജയിലിലാണ്. മറ്റൊരു കൂട്ടാളിയായ സംഭവം സെന്തിൽ ഇരുപത് വർഷത്തോളമായി ഒളിവിൽ കഴിയുകയാണ്. എന്നാൽ 2020 മാർച്ചിൽ സെന്തിലിന്റെ ആളുകൾ ബാലാജിയെ നാടൻ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചിരുന്നു.
നെഞ്ചിൽ വെടിയേറ്റ ബാലാജി ആശുപത്രിയിൽ എത്തും മുൻപേ മരിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്കേറ്റെന്നും ഡിവൈഎസ്പി വിശദമാക്കി. ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിനെ ഗുണ്ടാസംഘം കൊന്നതിനു പിന്നാലെ, പൊലീസുമായുള്ള എറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഗുണ്ടാ നേതാവ് ആണ് ബാലാജി. 2024 ജൂലൈ മാസത്തിൽ ചെന്നൈ പൊലീസ് കമ്മീഷണറായി ചുമതലയേറ്റ എ അരുൺ നഗരത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രതിരോധിക്കുമെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. അവർ സംസാരിക്കുന്ന ഭാഷ തങ്ങൾ സംസാരിക്കുമെന്നും അത് അവർക്ക് മനസിലാകുമെന്നുമായിരുന്നു ചെന്നൈ പൊലീസ് കമ്മീഷണർ പ്രതികരിച്ചത്.