പാലക്കാട്: നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പാലക്കാട് എസ് പി ആർ. ആനന്ദ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികൾ എവിടെയൊക്കെ പോയി എന്ന കാര്യം വ്യക്തമായിട്ടുണ്ടെന്നും രാവിലെ പ്രത്യേക റിവ്യൂ മീറ്റിങ്ങ് നടത്തി പുരോഗതി വിലയിരുത്തിയെന്നും എസ് പി പറഞ്ഞു. മൂന്ന് ദിവസം മുമ്പും ഈ കുട്ടികളെ കാണാതായിരുന്നു. തുടർന്ന് കണ്ടെത്തി സഖി സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അന്വേഷണത്തിന് നാല് സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് സംഘം പരിശോധന തുടരുന്നത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കുട്ടികൾ താമസിച്ചിരുന്ന സ്ഥാപനത്തിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് നിർഭയ കേന്ദ്രത്തിൽ നിന്നും 3 പെൺകുട്ടികളെ കാണാതാകുന്നത്. ഇവരിൽ 2 പേർക്ക് 17 വയസും ഒരാൾക്ക് 14 വയസുമാണ് പ്രായം. ഒരാൾ പോക്സോ അതിജീവിതയുമാണ്. കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു.