കൊച്ചി: നടൻ സിദ്ദിഖിനെതിരായ ബലാൽസംഗക്കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയാൽ സിദ്ദീഖിനെ വിട്ടയക്കേണ്ടിവരും. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ഇതോടെ ഇല്ലാതാകും. അതേസമയം, രണ്ടുദിവസത്തിനുളളിൽ പൊലീസ് നോട്ടീസ് നൽകിയില്ലെങ്കിൽ സ്വമേധയാ ഹാജരാകാൻ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
അതേസമയം, സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ തുടരുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആയി തന്നെ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.