കൂനൂർ: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടത്തിൽ എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ അപകടസ്ഥലത്ത് പരിശോധന തുടരുന്നു. ഹെലികോപ്ടറിൻ്റെ ചിറക് പോലുള്ള ഭാഗങ്ങൾ കയർ ഉപയോഗിച്ച് നീക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. തകർന്ന ഭാഗങ്ങൾ ശേഖരിച്ചു ഹെലികോപ്റ്റർ പുനർനിർമ്മിക്കാനാണ് സംയുക്ത സേനാ സംഘത്തിൻ്റെ ശ്രമം. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയും തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പ്രദേശവാസികളിൽ നിന്നും ഇവർ മൊഴിയെടുത്തു. പരിശോധനകൾ ഇനിയുള്ള ദിവസങ്ങളിലും തുടരും.
ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയിൽ സർക്കാരിന് നല്കിയേക്കും. മോർച്ചറിയിൽ സൂക്ഷിച്ച നാല് പേരുടെ കൂടി മൃതദേഹങ്ങൾ ഇന്നലെ തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തിൽ മരണപ്പെട്ട എല്ലാവരേയും തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് തന്നെ വീട്ടുകാർക്ക് കൈമാറും. ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ലാൻസ് നായ്ക് സായ് തേജയുടെ സംസ്കാരവും ഇന്ന് നടക്കും.ജന്മനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ.
ഡിഎൻഎ പരിശോധന ഉൾപ്പടെ പൂർത്തിയാക്കി മൃതദ്ദേഹം ഇന്നലെ ബംഗ്ലൂരുവിലെത്തിച്ചിരുന്നു. യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ സായ്തേജയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് നാല് മണിക്കാണ് സംസ്കാരചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. അതേ സമയം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.