ദില്ലി: രാജ്യത്ത് ഒരു വാക്സീന് കൂടി പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതി. ബയോളജിക്കൽ ഇ യുടെ കോർബി വാക്സീന് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള ബയോളജിക്കൽ ഇ യുടെ അപേക്ഷ പരിശോധിച്ച ഡിസിജിഐ വിദഗ്ധ സമിതി, വാക്സീന് അനുമതി നൽകാൻ ശുപാർശ ചെയ്തിരുന്നു.
പന്ത്രണ്ട് വയസ്സിന് മുകളിലുള്ളരിൽ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി എന്നീ രണ്ട് വാക്സീനുകൾക്ക് അനുമതി ലഭിച്ചിരുന്നു.നിലവിൽ പതിനഞ്ച് വയസ്സിന് മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്സീൻ നൽകുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി കുറയുകയാണ്. പ്രതിദിന കൊവിഡ് കേസുകൾ കാൽ ലക്ഷത്തിൽ താഴെ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നത്തെ കണക്കാകട്ടെ വലിയ ആശ്വാസം നൽകുന്നതാണ്. രാജ്യത്ത് 16051 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.