കൊച്ചി : വിലക്കിയിട്ടും ഭർത്താവിനെ ധിക്കരിച്ച് അന്യപുരുഷനുമായി ഭാര്യ ഫോണിൽ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന അസാധാരണ പരാമർശവുമായി കേരള ഹൈക്കോടതി. ഒരു ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമർശം നടത്തിയത്. ഭാര്യയുടെ പരപുരുഷ ബന്ധത്തിന്റെയും ക്രൂരതകളുടെയും പേരിൽ വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യവുമായാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. നേരത്തെ ഇയാളുടെ ഈ ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അന്യപുരുഷനുമായി ഭാര്യ നടത്തിയ ഫോൺ കോളുകളുടെ രേഖകൾ പരപുരുഷ ബന്ധമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഇവർക്കിടയിലുള്ള ദാമ്പത്യ പ്രശ്നങ്ങളും മൂന്ന് തവണ പിരിഞ്ഞ് ജീവിച്ച ശേഷം കൗൺസിലിങിനെ തുടർന്ന് വീണ്ടും ഒരുമിച്ച സാഹചര്യവും പരിഗണിക്കുമ്പോൾ ഭാര്യ തന്റെ പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കോടതി വിലയിരുത്തി.
2012ലാണ് ഒരു കുഞ്ഞുള്ള ഈ ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളാരംഭിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളുമായി ഭാര്യക്ക് അവിഹിത ബന്ധം ഉള്ളതായി ഭർത്താവിന് സംശയം ആരംഭിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഭർത്താവും കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. കേസ് പരിഗണിച്ച കോടതി ഈ യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി തെളിയിക്കാൻ ഭർത്താവിന് സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു. ‘ഭർത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായുള്ള ഫോൺ വിളികൾ ഭാര്യ തുടർന്നു. ഇത്തരത്തിൽ ഇയാളുമായി ഫോൺ വിളിക്കുന്നത് ഭർത്താവിന് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയ ശേഷവും മിക്കവാറും എല്ലാ ദിവസവും ഭാര്യ ഫോൺ വിളികൾ തുടർന്നു. ഇത്തരത്തിൽ ഭർത്താവിന്റെ മുന്നറിയിപ്പ് അവഗണിച്ചും ഈ ബന്ധം തുടർന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു’- ജസ്റ്റിസ് കൗസർ എടപ്പഗത്ത് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.