ദില്ലി: അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി ജയിലായിരിക്കെ സ്വകാര്യ ചാനലിൽ അഭിമുഖം പ്രക്ഷേപണം ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. പഞ്ചാബ് പൊലീസിലെ ഏഴ് പേരെയാണ് സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ.
2022ലാണ് ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം ചാനലിൽ വന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. ക്രൈം ഇൻവസ്റ്റിഗേറ്റിംഗ് ഏജൻസിയുടെ കസ്റ്റഡിയിലിരിക്കെയാണ് ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം പുറത്തുവന്നത്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ നിർദേശ പ്രകാരം സ്പെഷ്യൽ ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്തത്.
ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഓഫീസർമാരായ ഗുർഷർ സിംഗ്, സമ്മർ വനീത്, സബ് ഇൻസ്പെക്ടർ റീന, സബ് ഇൻസ്പെക്ടർ ജഗത്പാൽ ജംഗു, സബ് ഇൻസ്പെക്ടർ ഷഗൻജിത് സിംഗ്, സബ് ഇൻസ്പെക്ടർ മുഖ്തിയാർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ ഓം പ്രകാശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഗുർകിരത് കിർപാൽ സിംഗാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ് ലോറൻസ് ബിഷ്ണോയി ഉള്ളത്.