തിരുവനന്തപുരം : സര്‍ക്കാരിന് കീഴില്‍ ആരംഭിക്കുന്ന വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പ് ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. മൂന്നു സോണുകളായി തിരിച്ചാണ് അംഗീകൃത സെന്ററുകള്‍ ആരംഭിക്കുക. ഇതില്‍ ഒരെണ്ണം കെഎസ്ആര്‍ടിസിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബ്രാത്ത്വെയ്റ്റും ചേര്‍ന്ന് തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. മറ്റ് രണ്ട് സെന്ററുകള്‍ക്ക് വേണ്ടിയാണ് ടെന്‍ഡര്‍ ക്ഷണിക്കുക. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്രനയം അനുസരിച്ചാണ് സംസ്ഥാനങ്ങളില്‍ അംഗീകൃത വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ജില്ലകളെ മൂന്ന് സോണുകളായി തിരിച്ച് കേന്ദ്രങ്ങള്‍ തുടങ്ങും. സൗത്ത് സോണില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളും സെന്‍ട്രല്‍ സോണില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളും നോര്‍ത്ത് സോണില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും ഉള്‍പ്പെടും. ഇതില്‍ കെഎസ്ആര്‍ടിസിയും ബ്രത്ത്വെയ്റ്റും ചേര്‍ന്ന് തുടങ്ങുന്ന കേന്ദ്രം സെന്‍ട്രല്‍ സോണില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലാണ് നിര്‍മിക്കുക. നോര്‍ത്ത് സോണിലും സൗത്ത് സോണിലും നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ക്കായാണ് ടെന്‍ഡര്‍ ക്ഷണിക്കുക. സര്‍ക്കാരുമായി കൂടുതല്‍ വരുമാന വിഹിതം പങ്കുവയ്ക്കാന്‍ ധാരണയാകുന്ന കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ ലഭിക്കുക.