മലപ്പുറം : പി.എസ്.സി.യുടെ അഗ്രിക്കൾച്ചർ ഓഫീസർ പരീക്ഷയും ദേശസാൽകൃത ബാങ്കുകളിലേക്കുള്ള ഐ.ബി.പി.എസിന്റെ അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ അഭിമുഖവും ഒരേ ദിവസം. ഇതോടെ രണ്ടിനും പങ്കെടുക്കേണ്ട ഉദ്യോഗാർഥികൾ പ്രതിസന്ധിയിലായി. മാർച്ച് ആറിനാണ് പി.എസ്.സി.യുടെ അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ. 6, 7 തീയതികളിൽത്തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷന്റെ അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസറുടെ അഭിമുഖവും നടക്കുന്നുണ്ട്. ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് അഭിമുഖം. രണ്ടിനും ബി.എസ്.സി അഗ്രിക്കൾച്ചറാണ് യോഗ്യത. കേരളത്തിൽനിന്നുള്ള ഇരുനൂറോളം ഉദ്യോഗാർഥികൾ ഈ അഭിമുഖത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഐ.ബി.പി.എസ്. പരീക്ഷ പാസായ ഇവർ പി.എസ്.സി. പരീക്ഷയിലും നല്ല പ്രകടനം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷയുള്ളവരാണ്.
കേരളത്തിലെ മൂന്നു കോളേജുകളിൽനിന്നായി ഒരു വർഷം 250ഓളം പേർ ബി.എസ്.സി അഗ്രിക്കൾച്ചർ പാസായി ഇറങ്ങുന്നുണ്ട്. അഗ്രിക്കൾച്ചറൽ ഓഫീസർ തസ്തികയിലേക്ക് പി.എസ്.സി. അഞ്ച് വർഷത്തിനുശേഷമാണ് പരീക്ഷ വെക്കുന്നത്. ഈ അവസരം നഷ്ടപ്പെട്ടാൽ വീണ്ടും അഞ്ച് വർഷം കാത്തിരിക്കേണ്ടിവരും. അപ്പോഴേക്കും പലർക്കും പരീക്ഷയെഴുതാനുള്ള പ്രായം കഴിയും. ബാങ്കിങ് അഭിമുഖത്തിന് പോകുകയും ജോലി ലഭിക്കാതിരിക്കുകയും ചെയ്താൽ രണ്ട് അവസരവും നഷ്ടമാകുന്ന സ്ഥിതിയാകുമെന്ന് ഉദ്യോഗാർഥികൾ ആശങ്കപ്പെടുന്നു. സാധാരണ സമാനമായ തസ്തികകളിലേക്കുള്ള മറ്റു പരീക്ഷകൾ ഉള്ളപ്പോൾ പി.എസ്.സി. പരീക്ഷകൾ വെക്കാറില്ല. പി.എസ്.സി. പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിയാൽ തങ്ങളുടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. അതേസമയം അഗ്രിക്കൾച്ചർ ഉദ്യോഗാർഥികളുടെ ആശങ്ക ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പി.എസ്.സി. അംഗം മുസ്തഫ കടമ്പോട്ട് പറഞ്ഞു.