ഉമരിയ : മധ്യപ്രദേശിലെ ഉമരിയിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ കുട്ടിയെ പുറത്തെടുത്തിരുന്നു. തുടർന്ന് ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്ചയാണ് ബദ്‌ചാദിൽ ഗൗരവ് ദുബെ കുഴൽക്കിണറിൽ വീണത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 60 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണർ തുറന്ന നിലയിലായിരുന്നു. അവിടെ കളിക്കുകയായിരുന്ന ഗൗരവ് കുഴൽക്കിണറിൽ വീഴുകയായിരുന്നു. കരച്ചിൽ കേട്ടാണ് കുഴൽക്കിണറിൽ വീണ വിവരം ആളുകൾ അറിഞ്ഞത്. തുടർന്ന് അവിടെയുണ്ടായിരുന്നവർ സംഭവം നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിച്ചു. പിന്നാലെ പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തി.
വിവരമറിഞ്ഞ് ഉമരിയ ജില്ലാ കളക്ടർ സഞ്ജീവ് ശ്രീവാസ്തവും എസ്പിയും സ്ഥലത്തെത്തി. ഭരണാധികാരികൾക്കൊപ്പം അദ്ദേഹം സംഭവസ്ഥലം പരിശോധിച്ചു. കുട്ടിക്ക് ഓക്‌സിജൻ നൽകുന്നതിനായി കുഴൽക്കിണറിൽ ഓക്‌സിജൻ പൈപ്പ് ലൈൻ സ്ഥാപിച്ചു. മെഡിക്കൽ സംഘവും എത്തി. വെള്ളിയാഴ്ച പുലർച്ചെ 4 മണി വരെ നീണ്ട രക്ഷാദൗത്യത്തിന് ശേഷം ഗൗരവിനെ പുറത്തെടുത്ത് കട്‌നി ജില്ലയിലെ ബർഹി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. എന്നാൽ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മുങ്ങിമരണമാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ഉമരിയ കളക്ടർ സഞ്ജീവ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു. ജില്ലാ ഭരണകൂടവും മുഴുവൻ റെസ്‌ക്യൂ ടീമും കുട്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.