രാജ്കോട്ട് : അഞ്ച് വിക്കറ്റെടുത്ത് എം.ഡി. നിധീഷും നാലു വിക്കറ്റ് വീഴ്ത്തി ബേസിൽ തമ്പിയും പടനയിച്ചതോടെ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഗുജറാത്ത് 388 റൺസിന് പുറത്ത്. ആറു വിക്കറ്റ് നഷ്ടത്തിൽ 334 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്ത്, 96.1 ഓവറിലാണ് 388 റൺസിന് പുറത്തായത്. ഇന്ന് 54 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഗുജറാത്തിന് ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. രണ്ടാമത്തെ മാത്രം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന ഗുജറാത്ത് വിക്കറ്റ് കീപ്പർ ഹേത് പട്ടേൽ 185 റൺസെടുത്ത് പുറത്തായി. 245 പന്തിൽ 29 ഫോറും രണ്ടു സിക്സും സഹിതം 185 റൺസെടുത്ത പട്ടേൽ, പത്താമനായാണ് പുറത്തായത്. കരൺ പട്ടേലും ഗുജറാത്തിനായി ഇന്നലെ സെഞ്ചുറി നേടിയിരുന്നു. 166 പന്തുകൾ നേരിട്ട കരൺ 18 ഫോറും ഒരു സിക്സും സഹിതം 120 റൺസാണെടുത്തത്.
കതൻ പട്ടേൽ (0), സൗരവ് ചൗഹാൻ (25), ഭാർഗവ് മെറായ് (0), ചിരാഗ് ജുനേജ (3), ഉമാങ് (24), റൂഷ് കലേറിയ (9), ഗജ (7), നഗ്വാസ്‌വല്ല (6) എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് താരങ്ങളുടെ പ്രകടനം. ദേശായ് (0) പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 22 ഓവറിൽ 54 റൺസ് മാത്രം വഴങ്ങിയാണ് നിധീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി 19.1 ഓവറിൽ 118 റൺസ് വഴങ്ങി നാലു വിക്കറ്റും പിഴുതു. ശേഷിക്കുന്ന ഒരു വിക്കറ്റ് ഏദൻ ടോം ആപ്പിളിനാണ്. 12 ഓവറിൽ 51 റൺസ് വഴങ്ങിയാണ് ഏദൻ ഒരു വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ബോളിങ് തിരഞ്ഞെടുത്തു. 4ന് 33 എന്ന നിലയിൽ തകർന്ന ഗുജറാത്തിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ രണ്ടാം മത്സരത്തിൽ സെഞ്ചുറിയോടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹേത് പട്ടേൽ രക്ഷിച്ചെടുത്തു. കരൺ ഉജ്വല പിന്തുണയും നൽകി.