കോഴിക്കോട്: ഫറോക്കിൽ ഹാർഡ് വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിന് തീപിടിച്ച് വൻ നാശനഷ്‌ടം. ഒരു കോടിയോളം രൂപയുടെ സാധങ്ങൾ അഗ്നിക്കിരയായി. ഫറോക്ക് നഗരസഭയിലുൾപ്പെടുന്ന പേട്ട തുമ്പപ്പാടം പെർഫെക്‌ട് മാർക്കറ്റിംങ്ങ് എന്ന ഹാർഡ് വെയർ മൊത്തവ്യാപാര സ്ഥാപനത്തിൻ്റെ സംഭരണ കേന്ദ്രമാണ് പൂർണമായും കത്തിനശിച്ചത്. സമീപവാസികൂടിയായ കരിയം കണ്ടി മൊയ്‌തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
തുമ്പപ്പാടം മൻബ ഉൽഉലൂം മദ്രസ കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനോടു ചേർന്നു നമസ്‌കാര പള്ളിയും വീടുകളുമാണ്. മീഞ്ചന്തയിൽ നിന്നും അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്. സമീപവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഫയർഫോഴ്‌സിൻ്റെയും നാട്ടുകാരുടെയും ഇടപെടലാണ് വീടുകൾ തിങ്ങിനിറഞ്ഞ സ്ഥലത്ത് കൂടുതൽനാശനഷ്‌ടങ്ങൾ ഒഴിവാക്കാനായത്. ഞായറാഴ്‌ച പകൽപതിനൊന്നരയോടെയാണ് തീപിടിത്തം.