ധര്‍മശാല : ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡിനരികെ ടീം ഇന്ത്യ. പരമ്പരയിലെ ആദ്യ ടി20 ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് രണ്ടാം മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതിനിടെ ടീമിനെ കാത്ത് റെക്കോര്‍ഡുകളുടെ പെരുമഴ തന്നെയുണ്ട്. എന്നാല്‍ ശ്രീലങ്കയാവട്ടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
ടി20 ക്രിക്കറ്റില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ അയല്‍ക്കാരായ പാകിസ്ഥാന് മാത്രമാണ് 100 കടന്നിട്ടുള്ള ടീം. 189 മത്സരത്തില്‍ നിന്ന് 117 ജയവും 64 തോല്‍വിയുമാണ് പാകിസ്ഥാനുള്ളത്. 62.34 ആണ് പാകിസ്താന്റെ വിജയ ശരാശരി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 157 മത്സരത്തില്‍ നിന്ന് 99 ജയമാണ് ഇതുവരെ നേടിയത്. 51 മത്സരം തോല്‍ക്കുകയും ചെയ്തു. ഇന്ന് ജയിച്ചാല്‍ ടി20യില്‍ 100 ജയമെന്ന നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്കാവും.
147 മത്സരത്തില്‍ നിന്ന് 85 ജയവും 60 തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്കയാണ് ഇക്കാര്യത്തില്‍ മൂന്നാമത്. ഓസ്ട്രേലിയ നാലാമതുണ്ട്. 158 മത്സരത്തില്‍ നിന്ന് 82 ജയവും 70 തോല്‍വിയുമാണ് അവര്‍ക്കുള്ളത്. 160 മത്സരത്തില്‍ നിന്ന് 78 ജയവും 70 തോല്‍വിയുമായി ന്യൂസലന്‍ഡ് അഞ്ചാമതാണ്. നാട്ടില്‍ കൂടുതല്‍ ടി20 ജയം നേടുന്ന ടീമെന്ന റെക്കോഡില്‍ ന്യൂസലന്‍ഡിനൊപ്പമെത്താനും ഇന്ത്യക്ക് അവസരമുണ്ട്. 73 മത്സരത്തില്‍ നിന്ന് 39 ജയവും 26 തോല്‍വിയും വഴങ്ങിയ ന്യൂസീലന്‍ഡാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 59 മത്സരത്തില്‍ നിന്ന് 38 ജയവും 20 തോല്‍വിയുമാണ് നേരിട്ടത്. വിജയ ശരാശരിയില്‍ ന്യൂസീലന്‍ഡിനെക്കാള്‍ മുന്നിലാണ് ഇന്ത്യ.
മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക 70 മത്സരത്തില്‍ നിന്ന് 37 ജയവും 32 തോല്‍വിയും വഴങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 65 മത്സരത്തില്‍ നിന്ന് 32 ജയവും 28 തോല്‍വിയുമാണ് വഴങ്ങിയത്. ഓസ്ട്രേലിയ 51 മത്സരത്തില്‍ നിന്ന് 31 ജയവും 17 തോല്‍വിയുമാണ് വഴങ്ങിയത്. നായകന് രോഹിത് ശര്‍മയെ കാത്തും ഒരു റെക്കോര്‍ഡുണ്ട്. ഹോം ഗ്രൗണ്ടുകളില്‍ ഏറ്റവും കൂടുല്‍ ടി20 വിജയങ്ങളെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ ഓയിന്‍ മോര്‍ഗനും (ഇംഗ്ലണ്ട്), കെയ്ന്‍ വില്യംസണുമൊപ്പം (ന്യൂസിലന്‍ഡ്) 15 വിജയങ്ങളാണ് രോഹിത്തിനുള്ളത്. ഇന്ന് ജയിച്ചാല്‍ ഇവരെ മറികടന്ന് രോഹിത് ശര്‍മക്ക് തലപ്പത്തേക്കെത്താനാവും. 16 മത്സരങ്ങളിലാണ് രോഹിത് 15 ജയങ്ങള്‍ സ്വന്തമാക്കിയത്.