മോസ്കോ : യുക്രെയ്നിൽ അധിനിവേശം നടത്തിയതിനു പിന്നാലെ റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടർന്ന് റഷ്യൻ റൂബിളിന്റെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 26 ശതമാനം ഇടിഞ്ഞുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. റൂബിളിന്റെ മൂല്യം 30 ശതമാനവും അതിലേറെയും ഇടിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസും സഖ്യകക്ഷികളും റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. റഷ്യയുടെ സെൻട്രൽ ബാങ്കിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. യുഎസ് ഉൾപ്പെടെ ജി7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, എന്നിവയും ഉപരോധങ്ങൾ കടുപ്പിക്കാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.